കൊച്ചി: ഇഞ്ചി മിഠായി എന്ന കോഡിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ. ഒഡീഷ സ്വദേശി ദീപ്തി കാന്ത് മാലിക്ക് (മന്ദി റാം)നെയാണ് എക്‌സൈസ് ഇന്റലിജൻസും എറണാകുളം ടൗൺ റേഞ്ചും ചേർന്ന് കാക്കനാട് തുതിയൂരിൽ നിന്ന് പിടികൂടിയത്.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: സ്‌കൂൾ അധ്യാപകന് 4 വർഷം കഠിനതടവും, പിഴയും
അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 60 ചെറു പാക്കറ്റുകളിലാക്കിയ നിലയിൽ ആകെ 8.5 ഗ്രാം ബ്രൗൺ ഷുഗറാണ് കണ്ടെടുത്തത്. ‘ഇഞ്ചി മിഠായി’ എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു മയക്ക് മരുന്ന് കൈമാറ്റം. ഒഡീഷയിൽ നിന്ന് ഇഞ്ചി മിഠായി കൊണ്ട് വന്ന് മൊത്തം കച്ചവടം നടത്തുന്നു എന്ന വ്യാജേന ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിവരുകയായിരുന്നു.
കാക്കനാട് തുതിയൂരിലെ ആദർശ സ്‌കൂളിന് അടുത്ത് തോട്ടപ്പാട്ട് റോഡിലുള്ള ഇയാളുടെ താമസ സ്ഥലത്ത് സ്ഥിരമായി യുവതി യുവാക്കൾ വന്ന് പോകുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് സിറ്റി മെട്രോ ഷാഡോ ടീമും എറണാകുളം ഇന്റലിജൻസ് വിഭാഗവും വേഷം മാറി ചെന്ന് ഇയാളുമായി സൗഹൃദം സ്ഥാപിച്ചാണ് അറസ്റ്റ് നടത്തിയത്. ഇതിനിടെ അപകടം മണത്ത മന്ദി റാം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് കൂടുതൽ പാക്കറ്റ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്.
കാക്കനാട് പരിസരങ്ങളിൽ കറങ്ങി നടന്ന് ഇഞ്ചി മിഠായി വിൽക്കുന്ന മന്ദിറാമിന്റെ പക്കൽ നിന്ന് അതിമാരക മയക്ക് മരുന്ന് പിടിച്ചെടുത്തു എന്ന് കേട്ടപ്പോൾ അത് പ്രദേശവാസികളിൽ അമ്പരപ്പ് ഉളവാക്കി. ഈ ഇനത്തിൽപ്പെടുന്ന അഞ്ച് ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Post Your Comments