കായംകുളം: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോമിനു പ്രവേശനം നേടിയ കേസിലെ പ്രതി നിഖില്‍ തോമസ് ഒളിവില്‍ പോകുന്നതിന് മുന്‍പ് ഫോണ്‍ തോട്ടില്‍ ഉപേക്ഷിച്ചെന്ന് പൊലീസ്. കായംകുളം പാര്‍ക്ക് ജങ്ഷന് സമീപത്തെ കരിപ്പുഴ തോട്ടിലാണ് നിഖില്‍ ഫോണ്‍ എറിഞ്ഞതെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടാനായി അബിന്‍ സി രാജു എന്ന സുഹൃത്ത് സഹായിച്ചെന്നും പണം ഇട്ടത് അബിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിഖില്‍ തോമസിനെ ഏഴ് ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടു. കലിംഗ സര്‍വകലാശാല അടക്കമുള്ളസ്ഥലങ്ങളില്‍ നിഖിലുമൊത്ത് തെളിവെടുപ്പ് നടത്തണമെന്നും അതിനാല്‍ പതിനാല് ദിവസത്തെ കസ്റ്റഡി വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഇന്നലെ രാത്രിയാണ് നിഖില്‍ തോമസിനെ കസ്റ്റഡിയിലെടുത്തത്. തനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള അബിന്‍ സി രാജു എന്ന സുഹൃത്താണെന്ന് നിഖില്‍ അന്വേഷണ സംഘത്തിനോട് മൊഴി നല്‍കിയിരുന്നു. ഇത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്നും കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റിനായി ഇയാള്‍ക്ക് നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. എസ്‌എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ വിദേശത്ത് അധ്യാപകനാണ്.
Post Your Comments