Latest NewsKerala

‘രണ്ട് ലക്ഷം രൂപ നല്‍കി, സര്‍ട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു ചതിച്ചത് വിദേശത്തുള്ള സുഹൃത്ത്’- നിഖിലിന്റെ വാദം

കായംകുളം : വ്യാജബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചെന്ന് പ്രതി നിഖിൽ തോമസ്. കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും വിശ്വസിപ്പിച്ചു.

ഇത് പ്രകാരം പണം നൽകി കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് കൈപ്പറ്റുകയായിരുന്നു. ഇതിൽ ഇടനിലക്കാർ ഉണ്ടെന്നോയെന്നും പോലീസ് അന്വേഷിക്കും. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനേയും പ്രതി ചേര്‍ത്തേക്കുമെന്നാണ് സൂചന. പിടിക്കപ്പെടില്ലെന്ന സുഹൃത്തിന്റെ ഉറപ്പിന്മേലാണ് ഈ സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നും നിഖിലിന്റെ മൊഴിയിലുണ്ട്.

ശനിയാഴ്‌ച പുലർച്ചെ 12.30-ന്‌ കോട്ടയം കെ.എസ്‌.ആർ.ടി.സി. ബസ്‌ സ്‌റ്റാൻഡിൽ വെച്ചാണ്‌ നിഖിൽ തോമസിനെ കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. ഇയാൾക്ക് ആവശ്യമായ സഹായം നൽകിയത് ആരാണെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

രണ്ട് കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് നിഖിലിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ചേർത്തല കുത്തിയതോട് നിന്നാണ് നിഖിലിന്റെ സുഹൃത്തുക്കളായ എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിലായത്. ഇവരാണ് നിഖിലിന് വർക്കലയിൽ താമസ സൗകര്യം ഏർപ്പാടാക്കിയത്. ഇന്നലെ വൈകിട്ട് മുതൽ നിഖിൽ കീഴടങ്ങുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ നിഖിലിനെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

രാത്രി തന്നെ നിഖിലിനെ പോലീസ് പ്രാഥമികമായി ചോദ്യംചെയ്തിരുന്നു. ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിശദമായ ചോദ്യംചെയ്യലിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച ഉച്ചയോടെ നിഖിലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടർന്ന് വൈകീട്ട് അഞ്ച് മണിയോടു കൂടി കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button