സുൽത്താൻബത്തേരി: ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേന ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് 10 പവന് സ്വര്‍ണ നാണയങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. സുൽത്താൻബത്തേരി പൊലീസ് ആണ് പിടികൂടിയത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്ത യുവാവ് കുറച്ചകലെയുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ എത്തി അവിടത്തെ താമസക്കാരനായി നടിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ബത്തേരിയിലെ ജ്വല്ലറിയില്‍ വിളിച്ച് 10 സ്വര്‍ണ നാണയങ്ങള്‍ ആവശ്യപ്പെടുകയും ബില്ല് ചെയ്തശേഷം കൊണ്ടുവന്നാല്‍ മതിയെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. ഇതനുസരിച്ച് ജ്വല്ലറി ജീവനക്കാരന് റിസോര്‍ട്ടില്‍ എത്തി സ്വര്‍ണം കൈമാറിയതിനു പിന്നാലെ യുവാവ് മുങ്ങുകയായിരുന്നു.
Read Also : പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്
പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. പിന്നാലെ ഇയാളുടെ ചിത്രം പ്രചരിപ്പിച്ചു.
ടാക്സിയില്‍ രക്ഷപെടുന്നതിനിടെ ഡ്രൈവർ പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാൾ കുടുങ്ങുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കുന്ദമംഗലത്ത് വച്ചാണ് യുവാവിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments