രൂപത്തിലും ഭാവത്തിലും വാട്സ്ആപ്പിന് സമാനമായുള്ള അപ്ലിക്കേഷൻ അവതരിപ്പിച്ച് തട്ടിപ്പുകാർ. ഇത്തവണ പിങ്ക് വാട്സ്ആപ്പുമായാണ് വ്യാജന്മാർ സജീവമായിരിക്കുന്നത്. സാധാരണയുള്ള വാട്സ്ആപ്പ് മുഖാന്തരം തന്നെയാണ് പിങ്ക് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും പ്രചരിക്കുന്നത്. കൂടുതൽ വാട്സ്ആപ്പ് ഫീച്ചറിനായി പിങ്ക് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നതാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
വാട്സ്ആപ്പിന് സമാനമായ ലോഗോ ആണെങ്കിലും, പച്ച നിറത്തിന് പകരം പിങ്ക് നിറമാണെന്നതാണ് പ്രധാന വ്യത്യാസം. പിങ്ക് വാട്സ്ആപ്പിനെ കുറിച്ച് ഇതിനോടകം തന്നെ മുംബൈ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിങ്ക് വാട്സ്ആപ്പ് ഒരു മാൽവെയർ സോഫ്റ്റ്‌വെയർ ആയതിനാൽ, ഇവ ഡൗൺലോഡ് ചെയ്യുന്നതോടെ ഫോൺ ഹാക്ക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉപഭോക്താക്കളെ സൈബർ കെണിയിൽ അകപ്പെടുത്തി തട്ടിപ്പ് നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക നഷ്ടങ്ങൾ, സ്പാം ആക്രമണം, മൊബൈൽ ഉപകരണങ്ങളുടെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ പിങ്ക് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ നേരിടേണ്ടി വരും.
Also Read: വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വിട്ടയച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി
ഉപഭോക്താക്കൾ ഫോണിൽ വ്യാജ വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. നിലവിൽ, ഡൗൺലോഡ് ചെയ്തവരാണെങ്കിൽ അവ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യണം. ഔദ്യോഗിക സ്രോതസുകളായ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് മാത്രമാണ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പാടുള്ളൂ. ആധികാരികതയില്ലാത്ത സൈറ്റുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന പ്രവണത പൂർണമായും ഒഴിവാക്കേണ്ടതാണ്.
Post Your Comments