
വരാപ്പുഴ: വരാപ്പുഴയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന കാസർഗോഡ് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. വൈറ്റില തൈക്കൂടത്ത് താമസിക്കുന്ന ആലപ്പുഴ തൈക്കാട്ട്ശേരി മണപ്പുറം രാമപുരത്ത് വീട്ടിൽ മധുസൂദന(67)നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസിലെ അമ്പതാം പ്രതിയായ ഇയാൾ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടക്കുന്ന അന്വേഷണത്തിലാണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ പ്രവാസിയുടെ അടുത്തേക്ക് പെൺകുട്ടിയെ എത്തിച്ചത് ഇയാളാണ്. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. വൈറ്റിലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. റിയൽ എസ്റ്റേറ്റ് ഏജന്റാണെന്ന് പറഞ്ഞാണ് ആളുകളെ ഇയാൾ സമീപിച്ചിരുന്നത്.
ഡിവൈഎസ്പി വി. രാജീവ്, എസ്ഐ ടി.എം സൂഫി, എഎസ്ഐമാരായ കെ.ജെ ബിജു, അബ്ദുൾ ജലീൽ സിപിഒ ഷാനി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments