തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഒന്നേമുക്കാല്‍ ലക്ഷം ആളുകള്‍ പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ്. ഇന്നലെ പനി ബാധിച്ച് 13582 പേര് ചികിത്സ തേടി. ഇതില്‍ 315 പേരും ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയത്. 43 പേര്‍ക്ക് ഡെങ്കിപ്പനിയും 15 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ജൂലൈ മാസത്തില്‍ പനി വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
Read Also: മെറ്റൽ കയറ്റിവന്ന ടോറസ് ലോറി റോഡ് തകർത്ത് കനാലിലേക്ക് മറിഞ്ഞു
സംസ്ഥാനത്ത് ഇന്നലെ മാത്രം ആറുപേര്‍ പനിബാധിച്ച് മരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കുട്ടികളും പ്രായമായവരും മാസ്ക് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കൊതുകുകളെ ഉറവിടത്തില്‍ തന്നെ നശിപ്പിക്കണമെന്നും കൂടാതെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.
വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.
Post Your Comments