KeralaLatest News

മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണം: ബാലികയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടർമാർ, മുറിവുകൾ സ്റ്റിച്ചിടാൻ പറ്റാത്ത അവസ്ഥ

കണ്ണൂര്‍: മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജാൻവിയ എന്ന ഒൻപതുവയസുകാരി അപകടനില തരണം ചെയ്തതായി കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍.
കുട്ടിയുടെ രണ്ടു കാലിനും കൈക്കും തലയ്ക്കും ആഴത്തിലുള്ള മുറിവുണ്ട്. ഇത് സ്റ്റിച്ച്‌ ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം അണുബാധയുണ്ടാകാൻ സാധ്യത കൂടുതലായതുകൊണ്ട് കുട്ടിയെ മൂന്നു ദിവസം പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സന്ദര്‍ശകരെ ആരെയും അനുവദിക്കില്ല. തിങ്കളാഴ്ച രാത്രിയാണു കുട്ടിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് ജാൻവിയ തെരുവുനായയുടെ ആക്രമണത്തിനിരയായത്. വൈകുന്നേരം സ്കൂള്‍ വിട്ടു വന്നശേഷം സഹോദരനെ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ച്‌ പുറത്തിറങ്ങിയപ്പോള്‍ തെരുവുനായയെ കണ്ട് ഭയന്ന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ മുറ്റത്തു വച്ച്‌ തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ 11 ന് തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന്‍റെ വീടിന്‍റെ 300 മീറ്റര്‍ അകലെയാണ് ജാൻവിയ ആക്രമിക്കപ്പെട്ടത്. അതേസമയം, മുഴപ്പിലങ്ങാട് പ്രദേശത്തുനിന്ന് ഇന്നലെ ആക്രമണകാരികളായ നാല് തെരുവുനായ്ക്കളെ പിടികൂടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ പറഞ്ഞു.

തെരുവുനായയു‌ടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവത്തിനു ശേഷം മുഴപ്പിലങ്ങാട് പ്രദേശത്ത് ഇന്നലെ വരെ 39 തെരുവുനായ്ക്കളെ പിടികൂടി പടിയൂരിലുള്ള എബിസി കേന്ദ്രത്തില്‍ എത്തിച്ചു. നിഹാലിനെയും ജാൻവിയെയും ആക്രമിച്ച തെരുവുനായകളെയാണ് ഇന്നലെ പിടികൂടിയതെന്ന് പി.പി. ദിവ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button