Latest NewsKeralaNews

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് മാറ്റിവയ്ക്കുന്നവരാണ് പലരും. രോഗത്തിന്റെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞ ശേഷമായിരിക്കും പലരും ഇതിനെപ്പറ്റി ചിന്തിക്കുതെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ആയുഷ് യോഗ ക്ലബ്ബിന്റെ ഉദ്ഘാടനവും സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: പ്രധാനമന്ത്രി മോദി നയിച്ച യോഗ സെഷന്‍ പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ ലോക റെക്കോര്‍ഡ് പ്രഖ്യാപിച്ച് ഗിന്നസ് അധികൃതര്‍

യോഗ അഭ്യസിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാൻ പ്രേരിപ്പിക്കുന്നതുമായ ദിനമാണ് യോഗ ദിനം. രാജ്യാന്തര തലത്തിൽ യോഗ ആദരിക്കപ്പെടുന്നതും പ്രചരിക്കപ്പെടുന്നതും ലോകരാഷ്ട്രങ്ങൾ ഏറ്റെടുക്കുന്നു എന്നുള്ളത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായിട്ടുള്ള ഒരു കാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ യോഗയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിന് ഓരോ വ്യക്തിയിലേക്കും ഓരോ കുടുംബത്തിലേക്കും യോഗ അഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിന് വേണ്ടി വിവിധങ്ങളായ പരിപാടികളാണ് സംസ്ഥാന ആരോഗ്യ വകുപ്പും ആയുഷ് വകുപ്പും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചത്. യോഗ എല്ലായിടത്തും പ്രചരിപ്പിക്കുക എന്ന നിലയിലാണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചത്. ചുരുങ്ങിയത് 20 പേർക്കെങ്കിലും യോഗ പരിശീലിക്കാനുള്ള വേദി ഉറപ്പാക്കുകയും അതുവഴി ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നു. ഇതു കൂടാതെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 590 വനിതാ യോഗ ക്ലബ്ബുകൾ കൂടി ആരംഭിക്കുന്നു.

ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ജീവിതശൈലീ പ്രചരണത്തിനായി ആയുഷ് ഗ്രാമം പദ്ധതിയും ആരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്തുമാണ് സമ്പൂർണ യോഗ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്.

ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെങ്കിലും ജീവിത ശൈലീ രോഗങ്ങൾ വെല്ലുവിളിയാണ്. ഇത് മുന്നിൽ കണ്ടാണ് സംസ്ഥാനത്ത് ആർദ്രം ജീവിത ശൈലീ സ്‌ക്രീനിംഗ് ആരംഭിച്ചത്. ഇതുവരെ 30 വയസിന് മുകളിലുള്ള 1.41 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തി. ഇത് രാജ്യത്തിന് തന്നെ മാതൃകയായ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഐഎസ്എം ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി ഡയറക്ടർ വിജയാംബിക, ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ഹോമിയോപ്പതി മെഡിക്കൽ വിദ്യാഭ്യാസ പിസിഒ ഡോ. ഷീല, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. ജയനാരായണൻ, ഡോ. സജി എന്നിവർ പങ്കെടുത്തു.

Read Also: ഇന്ത്യൻ വിപണി കീഴടക്കാൻ വൺപ്ലസിന്‍റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എത്തുന്നു, ഉടൻ ലോഞ്ച് ചെയ്തേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button