ന്യൂയോര്‍ക്ക്: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാനുളള യാത്രയ്ക്കിടെ കാണാതായ അന്തര്‍വാഹിനി കണ്ടെത്താനുളള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. ഞായറാഴ്ച്ചയാണ് അഞ്ച് പേരുമായി പോയ അന്തര്‍വാഹിനി വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായത്. ഒരു പൈലറ്റും നാല് മിഷന്‍ സ്പെഷ്യലിസ്റ്റുകളുമാണ് സംഘത്തില്‍ ഉള്‍പ്പെടുന്നതെന്നാണ് വിവരം.
70 മുതല്‍ 96 മണിക്കൂര്‍ വരെ നിലനില്‍ക്കാനുളള ഓക്‌സിജന്‍ മാത്രമേ മുങ്ങിക്കപ്പലില്‍ ഉള്ളൂ എന്നതിനാല്‍ അതീവ വേഗത്തിലും ജാഗ്രതയിലുമാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 21 അടി ഉയരമുള്ള കപ്പലിന് നാല് ദിവസത്തേക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ശേഷിയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് പറഞ്ഞിരുന്നു.
യുഎസിലെയും കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡുകളുടെയും സംഘം കേപ് കോഡിന് 900 മൈല്‍ കിഴക്ക് സമുദ്രത്തിന്റെ ഉപരിതലത്തില്‍ തിരച്ചില്‍ തുടരുകയാണ്. സോണാര്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ചുപേരില്‍ ഒരു ബ്രിട്ടീഷ് കോടീശ്വരനും ഉള്‍പ്പെടുന്നതായാണ് വിവരം. സംരംഭകനും നിക്ഷേപകനുമായ ഹാമിഷ് ഹാര്‍ഡിംഗിനെയും മറ്റ് നാല് പേരെയുമാണ് കാണാതായിരിക്കുന്നത്. എത്രയും പെട്ടന്ന് തന്നെ അന്തര്‍വാഹിനി കണ്ടെത്തി യാത്രക്കാരെ രക്ഷിക്കാനുളള ഊര്‍ജിത ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ആഴക്കടല്‍ പര്യവേഷണങ്ങള്‍ക്കായി മനുഷ്യനെ വഹിക്കുന്ന മുങ്ങിക്കപ്പലുകള്‍ വിതരണം ചെയ്യുന്ന ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന കമ്പനിയുടേതാണ് ഈ അന്തര്‍വാഹിനി എന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജീവനക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചുവരികയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, കാണാതായവരുടെ കൃത്യമായ എണ്ണം കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
സാധാരണയായി നാല് ദിവസത്തേക്കാവശ്യമായ ഓക്‌സിജനുമായാണ് കപ്പല്‍ പുറപ്പെടുക. ഒരു പൈലറ്റും മൂന്ന് യാത്രക്കാരും ഒപ്പം ഒരു വിദഗ്ദ്ധനുമാണ് കൂടെയുണ്ടാകുക. 1912 ല്‍ കന്നിയാത്രയ്ക്കിടെ ഒരു മഞ്ഞുമലയില്‍ ഇടിച്ചാണ് ടൈറ്റാനിക് അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയത്. അപകടത്തില്‍ 1500 ലധികം പേര്‍ മരണപ്പെട്ടിരുന്നു.1985 ല്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
Post Your Comments