ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ മഴ നനഞ്ഞ് ഡൽഹി. കനത്ത ചൂടിൽ നിന്ന് ആശ്വാസമായി ഇന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും മഴ പെയ്തിറങ്ങി. ഇതോടെ, ഡൽഹിയിലെ താപനില 26 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിട്ടുണ്ട്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ ഭാഗമായാണ് ഇന്ന് ഡൽഹിയിൽ നേരിയ മഴ ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ മഴ തുടരുമെന്ന് ഇതിനോടകം കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജൂൺ 25 വരെ തലസ്ഥാനത്ത് നേരിയ മഴ തുടരുന്നതാണ്. കൂടാതെ, ഇടിമിന്നലും കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത്തവണ ഡൽഹിയിൽ മൺസൂൺ എത്തുന്നതുമായി ബന്ധപ്പെട്ടുള്ള തീയതി കാലാവസ്ഥാ വകുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാധാരണയായി ജൂൺ 27 നകമാണ് ഡൽഹിയിൽ മഴ എത്താറുള്ളത്. തലസ്ഥാനത്ത് ഈ മാസം ശരാശരി 19.7 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
Also Read: ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കാന്‍ കേന്ദ്രം
Post Your Comments