കണ്ണൂർ: മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സത്യമറിയാനുള്ള ജനങ്ങളുടെ അവകാശമാണെന്നും അല്ലാതെ എസ്എഫ്ഐ വിരുദ്ധത പ്രചരിപ്പിക്കാനുള്ളതല്ലെന്നും വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് മഹാരാജാസ് കോളജിൽനിന്നു നൽകിയ സർട്ടിഫിക്കറ്റിൽ തെറ്റു കടന്നുകൂടിയിരിക്കുന്നു എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നതെന്ന് ജയരാജൻ പറഞ്ഞു.
‘മാർക്കിന്റെ കള്ളിയിൽ പൂജ്യവും ജയിച്ചതോ തോറ്റതോ എന്ന കള്ളിയിൽ പാസ്ഡ് എന്നുമാണു രേഖപ്പെടുത്തിയത്. ഈ സർട്ടിഫിക്കറ്റ് തയാറാക്കിയത് ആരാണോ അവർക്കെതിരെ നടപടി വേണമെന്നായിരുന്നു വാർത്ത കൊടുക്കേണ്ടിയിരുന്നത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് മാധ്യമങ്ങൾ ഈ വാർത്ത കൈകാര്യം ചെയ്തിരുന്നതെങ്കിൽ വാർത്ത വരേണ്ടിയിരുന്നത് അത്തരത്തിലായിരുന്നു.’ ജയരാജൻ പറഞ്ഞു.
‘സർട്ടിഫിക്കറ്റ് തയ്യാറാക്കിയവരും അതു പരിശോധിച്ചവരുണ്ട്, മേൽനോട്ടം വഹിച്ചവരുണ്ട്. മാർക്ക് ലിസ്റ്റ് തയാറാക്കി പ്രസിദ്ധീകരിച്ചവരുടെ കുറ്റത്തെ പുറത്തുകൊണ്ടുവരേണ്ടതിനു പകരം ആ മാർക്ക് ലിസ്റ്റ് ആർഷോ വ്യാജമായി സൃഷ്ടിച്ചതാണെന്ന തരത്തിൽ വ്യാജ വാർത്തയാണു മാധ്യമങ്ങൾ കൊടുത്തത്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സത്യമറിയാനുള്ള ജനങ്ങളുടെ അവകാശമാണ്. അല്ലാതെ എസ്എഫ്ഐ വിരുദ്ധത പ്രചരിപ്പിക്കാനുള്ള അവകാശമല്ല,’ ജയരാജൻ കൂട്ടിച്ചേർത്തു.
Post Your Comments