
കൊച്ചി: മോൻസൻ മാവുങ്കൽ 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും ഐജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട്.
വിദേശത്ത് നിന്നുമെത്തുന്ന രണ്ടര ലക്ഷം കോടി രൂപ കൈപറ്റാൻ ഡെല്‍ഹിയിലെ തടസങ്ങൾ നീക്കാൻ കെ. സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസണ് വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. കേസിൽ നാളെ വിയ്യൂർ ജയിലിൽ എത്തി മോൻസനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
23ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കെ സുധാകരന് നോട്ടീസ് നൽകിയിരിക്കുന്നത്. മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈആർ റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.
അതേസമയം, 17കാരിയെ പീഡിപ്പിച്ച കേസിൽ മോണ്സൻ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനും,18 വയസിന് ശേഷം തുടർന്നും പീഡിപ്പിച്ചതിനുമാണ് എറണാകുളം പോക്സോ കോടതി മോൻസന് കടുത്ത ശിക്ഷ വിധിച്ചത്.
Post Your Comments