ന്യൂഡല്‍ഹി: എട്ടുകോടി രൂപ പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് കവര്‍ന്ന കേസില്‍ മുഖ്യപ്രതികളായ ദമ്പതിമാര്‍ പിടിയിൽ. പഞ്ചാബ് സ്വദേശികളായ ജസ്വീന്ദര്‍ സിങ്, ഭാര്യ മന്‍ദീപ് കൗര്‍ എന്നിവരെയാണ് ഉത്തരാഖണ്ഡിലെ തീര്‍ഥാടനകേന്ദ്രത്തില്‍നിന്ന് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ലുധിയാനയിലെ സ്ഥാപനത്തില്‍നിന്ന് എട്ടുകോടി രൂപ കവര്‍ന്ന സംഭവത്തിലെ മുഖ്യസൂത്രധാരരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
‘ഓപ്പറേഷന്‍’ വിജയിച്ചതിന് ദൈവത്തിന് നന്ദി അറിയിക്കാനായാണ് ദമ്പതിമാര്‍ സിഖ് തീര്‍ഥാടനകേന്ദ്രമായ ഹേമകുണ്ഡ് സാഹിബില്‍ എത്തിയതെന്നാണ് ലുധിയാന പോലീസ് കമ്മീഷണര്‍ മന്‍ദീപ് സിങ് സിദ്ദു മാധ്യമങ്ങളോട് പറഞ്ഞത്. തിരക്കേറിയ തീര്‍ഥാടനകേന്ദ്രത്തില്‍നിന്ന് പ്രതികളെ തിരിച്ചറിയാന്‍ പോലീസ് ഏറെ വെല്ലുവിളി നേരിട്ടിരുന്നു. തുടര്‍ന്ന് ‘ഫ്രൂട്ടി’ കെണിയൊരുക്കി പോലീസ് പ്രതികളെ തിരിച്ചറിയുകയും ആരാധനാലയത്തിലെ പ്രാര്‍ഥന പൂര്‍ത്തിയാക്കിയതിന് പിന്നാലെ ദമ്പതിമാരെ കൈയോടെ പിടികൂടുകയുമായിരുന്നു.
കോടികള്‍ കൊള്ളയടിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞ പഞ്ചാബ് പോലീസ് ഇവര്‍ രാജ്യം വിടാതിരിക്കാനുള്ള നടപടികളാണ് ആദ്യം സ്വീകരിച്ചത്. മുഖ്യപ്രതികളായ ജസ്വീന്ദറും മന്‍ദീപ് കൗറും നേപ്പാളിലേക്ക് കടക്കാന്‍ ലക്ഷ്യമിടുന്നതായി വിവരം ലഭിച്ചതോടെ ഇരുവര്‍ക്കുമെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇതോടെ രാജ്യം വിടാനുള്ള പ്രതികളുടെ പദ്ധതി പൊളിഞ്ഞു. തുടര്‍ന്നാണ് പ്രതികള്‍ തീര്‍ഥാടനത്തിന് പോകാന്‍ തീരുമാനിച്ചത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഹേമകുണ്ഡ് സാഹിബ് തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലേക്കായിരുന്നു ദമ്പതിമാരുടെ യാത്ര. പ്രതികളുടെ നീക്കങ്ങള്‍ രഹസ്യമായി മനസിലാക്കിയ പോലീസ് സംഘം ഇരുവരും ഹേമകുണ്ഡ് സാഹിബിലുണ്ടെന്ന് ഉറപ്പിച്ചതോടെ അവിടേക്ക് നീങ്ങി. പക്ഷേ, ഭക്തജനത്തിരക്കേറിയ സമയമായതിനാല്‍ പ്രതികളെ തിരിച്ചറിയുകയെന്നത് പോലീസിന് വെല്ലുവിളിയായിരുന്നു. തീര്‍ഥാടകരെല്ലാം മുഖംമറച്ചെത്തുന്നതും പോലീസിനെ വലച്ചു. ഇതോടെയാണ് പോലീസ് സംഘം ശീതളപാനീയ കെണിയൊരുക്കിയത്.
ഭക്തര്‍ക്കായി ശീതളപാനീയമായ ഫ്രൂട്ടി നല്‍കുന്ന കിയോസ്‌ക് സ്ഥാപിച്ചായിരുന്നു പോലീസിന്റെ കെണി. ഫ്രൂട്ടി കുടിക്കാനെത്തുമ്പോള്‍ പ്രതികള്‍ മുഖാവരണം മാറ്റുമെന്നും ഇതിലൂടെ ഇവരെ തിരിച്ചറിയാനാകുമെന്നുമായിരുന്നു പോലീസിന്റെ പ്രതീക്ഷ. ഒടുവില്‍ പോലീസിന്റെ ഈ പദ്ധതി വിജയിക്കുകയും ചെയ്തു.
പോലീസിന്റെ കെണിയാണെന്ന് മനസിലാകാതെ ജസ്വീന്ദറും ഭാര്യ മന്‍ദീപും കിയോസ്‌കില്‍നിന്ന് ഫ്രൂട്ടി കുടിക്കാനെത്തി. ഈ സമയം മുഖാവരണം മാറ്റിയതോടെ ഇരുവരെയും പോലീസ് തിരിച്ചറിഞ്ഞു. പക്ഷേ, ഉടനടി പോലീസ് ഇവരെ പിടികൂടാന്‍ തുനിഞ്ഞില്ല. ദമ്പതിമാരെ തിരിച്ചറിഞ്ഞതോടെ ഇവരെ രഹസ്യമായി പിന്തുടര്‍ന്നു. തുടര്‍ന്ന് പ്രാര്‍ഥന പൂര്‍ത്തിയാക്കി ആരാധനാലയത്തില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ദമ്പതിമാരില്‍നിന്ന് 21 ലക്ഷം രൂപ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
കോടികളുടെ കൊള്ളയില്‍ പ്രൊഫഷണലായും ശാസ്ത്രീയമായും അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയതെന്നായിരുന്നു പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവിന്റെ പ്രതികരണം. കൊള്ളയടിച്ച എട്ടുകോടി രൂപയില്‍ ആറുകോടി രൂപ ഇതുവരെ കണ്ടെടുത്തതായും കേസില്‍ ഇതുവരെ ഒമ്പത് പ്രതികള്‍ അറസ്റ്റിലായെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ പത്താം തീയതിയാണ് ലുധിയാനയിലെ ക്യാഷ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഓഫീസില്‍ വന്‍ കവര്‍ച്ച നടന്നത്. സുരക്ഷാജീവനക്കാരെ ആക്രമിച്ച് സ്ഥാപനത്തില്‍നിന്ന് എട്ടുകോടി രൂപയാണ് അക്രമിസംഘം കൊള്ളയടിച്ചത്. കേസില്‍ ഇനി രണ്ടുപ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.
Post Your Comments