അഹ്മദാബാദ്: മൊബൈൽ ഫോൺ വാങ്ങിവച്ചതിന് അമ്മയ്‌ക്കെതിരെ പതിമൂന്നുകാരിയുടെ വധശ്രമം. ഗുജറാത്തിലെ വെസ്റ്റ് അഹ്മദാബാദ് സ്വദേശിയായ യുവതിയെയാണ് മകൾ പഞ്ചസാര കുപ്പിയിൽ കീടനാശിനി കലർത്തി കൊല്ലാൻ ശ്രമിച്ചത്.
ബാത്‌റൂമിൽ സ്ഥിരമായി ഫിനൈൽ ഒഴിച്ചുവച്ചും പെൺകുട്ടി അമ്മയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നിരീക്ഷിച്ചപ്പോഴാണ് സംഭവത്തിന് പിന്നിൽ മകളാണെന്ന് ബോധ്യപ്പെട്ടത്. തുടർന്ന്, മാതാവ് ഹെൽപ്‌ലൈനിൽ പരാതി നൽകുകയായിരുന്നു.
വനിതാ ഹെൽപ്‌ലൈനിലെ കൗൺസിലർമാർ നടത്തിയ കൗൺസിലിങ്ങിലാണ് അമ്മയെ കൊല്ലാൻ പദ്ധതിയിട്ട വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. ഫോണിൽ ശ്രദ്ധിച്ച് പഠനത്തിൽ ഉഴപ്പുകയാണെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങൾക്ക് മുൻപ്, മാതാവ് കുട്ടിയുടെ മൊബൈൽ ഫോൺ വാങ്ങിവച്ചിരുന്നു.
മകൾ നിരന്തരം കരഞ്ഞ് ആവശ്യപ്പെട്ടിട്ടും ഇത് തിരിച്ചുനൽകിയിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തിൽ കുട്ടി അമ്മയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കുട്ടി പഠനത്തിൽ ശ്രദ്ധിക്കാതെ രാത്രിമുഴുവൻ ഓൺലൈൻ സുഹൃത്തുക്കളുമായി ചാറ്റിങ്ങാണെന്ന് മാതാപിതാക്കൾ വനിതാ ഹെൽപ്‌ലൈൻ സംഘത്തോട് പറഞ്ഞു. മകൾ പഠനത്തിൽ ഉഴപ്പിയതോടെയാണ് ഫോൺ വാങ്ങിവച്ചതെന്നും മാതാപിതാക്കൾ കൂട്ടിച്ചേർത്തു.
Post Your Comments