താമരശ്ശേരി സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസ്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: വിദേശത്ത് പണമിടപാടുമായി ബന്ധപെട്ട് വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അവേലം സ്വദേശിയായ മുഹമ്മദ്‌ അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ മലപ്പുറം രണ്ടത്താണി സ്വദേശികളായ കുന്നക്കാട്ട് മുഹമ്മദ് കുട്ടി എന്ന ഫവാസ്, തിരുനിലത്ത് സാബിത് എന്നിവരെയാണ് താമരശ്ശേരി ഇൻസ്പെക്ടർ എൻകെ സത്യനാഥന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ടു പേരേയും രണ്ടത്താണിയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

എഎസ്ഐ  ശ്രീജിത്ത് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയരാജൻ, ജിൻസിൽ, ലേഖ, സിപിഒ നാൻസിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 22-ാം തിയതി രാത്രി മുക്കത്തുള്ള സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 9.45 ന് താമരശ്ശേരി -മുക്കം  റോഡിൽ വെഴുപ്പൂർ എന്ന സ്ഥലത്തെത്തിയപ്പോൾ ടാറ്റാ സുമോ കാറിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം അഷ്‌റഫിനെ ബലം പ്രയോഗിച്ച് സുമോ കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ബന്ധുക്കളുടെ പരാതി പ്രകാരം ആണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും,മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും പിറ്റേന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Share
Leave a Comment