തിരുവനന്തപുരം: തിരുവനന്തപുരം പൊൻമുടിയിൽ ചുരത്തിൽ നാലംഗ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ നാലുപേരേയും സുരക്ഷിതമായി മുകളിലെത്തിച്ചു.
പുനലൂരിൽനിന്ന് പൊന്മുടിയിൽ വിനോദസഞ്ചാരത്തിനെത്തിയവരായിരുന്നു കാറിലുണ്ടായിരുന്നത്. പൊന്മുടി സന്ദർശിച്ച ശേഷം തിരിച്ചിറങ്ങുമ്പോൾ കാർ കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
പൊന്മുടിയിലും പരിസരങ്ങളിലും ഞായറാഴ്ച രാവിലെ മുതൽ മോശം കാലാവസ്ഥയായിരുന്നു. കനത്തമഴയും മൂടൽമഞ്ഞുമാണ് ഈ മേഖലയിൽ ഉണ്ടായിരുന്നത്. ഇതാവാം അപകടകാരണമെന്നാണ് കരുതുന്നത്. അപകടം നടന്നയുടൻ തന്നെ ഒരാൾക്ക് കൊക്കയിൽ നിന്ന് മുകളിലേക്ക് കയറിവരാൻ സാധിച്ചു. ഇയാളാണ് അപകടവിവരം നാട്ടുകാരെ അറിയിക്കുന്നത്.
രക്ഷപ്പെടുത്തിയവരിൽ രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഇരുവരുടേയും കൈക്ക് ചെറിയ പൊട്ടലുണ്ട്. എന്നാൽ, പരിക്ക് ഗുരുതരമല്ല. വണ്ടിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്ന് ആദ്യം രക്ഷപ്പെട്ടയാൾ പറഞ്ഞു.
Post Your Comments