Latest NewsIndia

8വയസുകാരി ടെറസിൽ കളിക്കാൻ പോയി, മാതാപിതാക്കൾ വഴക്ക് പറയാതിരിക്കാൻ ഫുഡ് ഡെലിവറി ബോയ് കൊണ്ടുപോയെന്ന് കള്ളം, ക്രൂരമർദ്ദനം

ബെംഗളൂരു: എട്ടു വയസുകാരി പറഞ്ഞ കള്ളത്തിന്റെ പേരിൽ ഫുഡ് ഡെലിവറി ജീവനക്കാരന് ക്രൂരമർദ്ദനം. ടെറസിൽ കളിക്കാൻ പോയ പെൺകുട്ടി മാതാപിതാക്കൾ വഴക്കുപറയാതിരിക്കാൻ പറഞ്ഞ ഒരു കള്ളമാണ് ഫുഡ് ഡെലിവറി ജീവനക്കാരന് വിനയായത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ പാർപ്പിടസമുച്ചയത്തിലെ താമസക്കാരിയായ പെൺകുട്ടിയാണ് തന്നെ ഒരു ഫുഡ് ഡെലിവറി ജീവനക്കാരൻ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണെന്ന് കള്ളം പറഞ്ഞത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടി ടെറസ്സിൽപോയി കളിച്ചത് രക്ഷിതാക്കൾ ചോദ്യം ചെയ്തതോടെയാണ് അസം സ്വദേശിയായ ഫുഡ് ഡെലിവറി ജീവനക്കാരന്റെ ജീവിതം തന്നെ മാറിമറിഞ്ഞത്. ചോദ്യംചെയ്ത രക്ഷിതാക്കളോട് തന്നെ ഭക്ഷണവിതരണക്കാരൻ ടെറസ്സിലേക്ക് ബലമായി കൊണ്ടുപോയെന്നായിരുന്നു കുട്ടി വെളിപ്പെടുത്തിയത്. ഇതു വിശ്വസിച്ച് പാർപ്പിട സമുച്ചയത്തിലേക്ക് വന്ന ഭക്ഷണവിതരണക്കാരെ മുഴുവൻ സുരക്ഷാജീവനക്കാർ തടഞ്ഞുനിർത്തി പരിശാധിച്ചു.

ഇതിനിടെ തന്നെ ‘ടെറസ്സിലേക്ക് കൊണ്ടുപോയ’ അസം സ്വദേശിയായ ജീവനക്കാരനെ കുട്ടി ‘തിരിച്ചറിഞ്ഞു’. ഇതോടെ ഭക്ഷണവിതരണക്കാരന് ക്രൂരമായ മർദനവും ഏൽക്കേണ്ടിവന്നു. തുടർന്ന് പോലീസെത്തി ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പാർപ്പിടസമുച്ചയത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ടെറസ്സിൽ കാണുന്ന തരത്തിലുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നിട്ടും ഇയാളെ കേസിൽ നിന്നും ഒഴിവാക്കിയില്ല. പക്ഷേ ഭാ​ഗ്യം ഈ ചെറുപ്പക്കാരനൊപ്പമായിരുന്നു.

രണ്ടുദിവസത്തിനുശേഷം സമീപത്തെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ പാർപ്പിടസമുച്ചയത്തിലെ ടെറസ്സ് കാണാവുന്ന തരത്തിൽ സ്ഥാപിച്ച ഒരു സി.സി.ടി.വി. ക്യാമറ പോലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇതിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കുട്ടിപറഞ്ഞത് കള്ളമാണെന്ന് കണ്ടെത്താൻ കഴിഞ്ഞത്. കുട്ടി തനിയേ ടെറസ്സിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതോടെ രക്ഷിതാക്കൾ വഴക്കുപറയുമെന്ന് പേടിച്ച് താൻ കള്ളം പറയുകയായിരുന്നെന്ന് കുട്ടിയും സമ്മതിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ പാർപ്പിടസമുച്ചയത്തിലെ താമസക്കാർക്കെതിരെയും കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും വ്യാപകവിമർശനങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നത്. ജോലി മതിയാക്കി സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങുകയാണ് ഇയാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button