തൃശൂർ: ഗുരുവായൂർ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തിൽ കുട്ടികളുടെ പിതാവും വയനാട് സ്വദേശിയുമായ ചന്ദ്രശേഖരനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എട്ട് വയസ്സുകാരിയായ ദേവനന്ദ, 12 വയസ്സുകാരിയായ ശിവനന്ദന എന്നിവരാണ് കൊല്ലപ്പെട്ടത്.
ജൂൺ 12ന് രാത്രിയാണ് ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ലോഡ്ജിൽ ചന്ദ്രശേഖരന്‍ മക്കളായ ശിവനന്ദന, ദേവനന്ദ എന്നിവരോടൊപ്പം മുറിയെടുത്തത്. അടുത്ത ദിവസം ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ മുറി ഒഴിയണമായിരുന്നു. എന്നാൽ മുറി ഒഴിയാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിലിൽ തട്ടി നോക്കിയെങ്കിലും പ്രതികരണം ഉണ്ടായില്ല. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി മുറിയുടെ പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടത്. കൈഞരമ്പ് മുറിച്ചും വിഷം കഴിച്ചും അവശനിലയിലാണ് ചന്ദ്രശേഖരനെ കണ്ടെത്തിയത്.
ചന്ദ്രശേഖരനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. 15 വർഷം മുമ്പാണ് വയനാട് സ്വദേശിയായ ചന്ദ്രശേഖരൻ തൃശൂരിലെത്തിയത്. ഇവിടെ വെച്ച് രണ്ടാമതും വിവാഹിതനായി. ഭാര്യ അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കുട്ടികളിൽ ഒരാൾ അസുഖ ബാധിതയുമായിരുന്നു. ഇക്കാരണത്താലാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മത്യയ്‌ക്ക് ശ്രമിച്ചതെന്നാണ് നിഗമനം.
Post Your Comments