കോട്ടയം: നഗരത്തിൽ മൊബൈല്‍ കടയില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കുരുമുളക് സ്പ്രേ ആക്രമണത്തിൽ കലാശിച്ചത്.
മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് പാറശ്ശേരി വീട്ടിൽ ജിനോ ജോസഫ്, മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് തട്ടുങ്കൽചിറ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന സച്ചു സാജു, മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് തട്ടുങ്കൽചിറ വീട്ടിൽ രാഹുൽ ഷൈജു എന്നിവരാണ് അറസ്റ്റിലായത്. ഇവർ സംഘം ചേർന്ന് പതിനൊന്നാം തിയതി രാത്രി എട്ട് മണിയോടെ കോഴിച്ചന്ത ഭാഗത്തുള്ള മൊബൈൽ കടയിൽ എത്തി.
തുടർന്ന് ജീവനക്കാരുടെ നേരെ കുരുമുളക് സ്പ്രേ അടിക്കുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇവർ മൊബൈൽ കടയിൽ എത്തി ജീവനക്കാരെ അസഭ്യം പറഞ്ഞത് ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് ജീവനക്കാരെ ആക്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു.
Post Your Comments