ദമാം: സൗദി അറേബ്യയിലെ ദമാമില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍ (16), ഹസ്സന്‍ റിയാസ് (18) എന്നിവരാണ് മരിച്ചത്. ഇതില്‍ ഹസന്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അമ്മാര്‍ (13) ഗുരുതരമായി പരിക്കേറ്റ ആശുപത്രിയില്‍ ചികിത്സയിലാണ്. ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലാണ് അമ്മാറിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.
റോഡരികിലെ ഈന്തപ്പന മരത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍ മൂന്നുപേരും. ഒരേ അപ്പാര്‍ട്ട്‌മെന്റിലെ അടുത്തടുത്ത ഫ്‌ളാറ്റുകളിലായാണ് ഈ മൂന്നു വിദ്യാര്‍ഥികളും കുടുംബസമേതം താമസിച്ചിരുന്നത്.
ദമാം ഗവര്‍ണര്‍ ഹൗസിന് മുന്നിലുള്ള റോഡില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. മൂന്നു സഹൃത്തുക്കളും ചേര്‍ന്ന് അമ്മാറിന്റെ പിതാവിന്റെ മസ്ദ കാറുമായി പുറത്തേക്ക് പോകുകയായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സുള്ള ഹസന്‍ റിയാസാണ് കാര്‍ ഓടിച്ചത്. അമിതവേഗതയിലാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. നിയന്ത്രണം വിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരേയും പുറത്തെടുത്തത്.
Post Your Comments