കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം. സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. സുധാകരനെ അറസ്റ്റ് ചെയ്യാൻ നിയമോപദേശം തേടിയേക്കും. നാളെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കെ.സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, മുൻകൂർ ജാമ്യത്തിന് സുധാകരൻ ശ്രമം തുടങ്ങി. ക്രൈം ബ്രാഞ്ച് കേസെടുത്തതിനെതിരെ ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹം നിയമോപദേശം തേടി. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുമെന്നാണ് സുധാകരൻ പറയുന്നത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തത്. സുധാകരനെതിരെ കേസെടുത്തത് രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം.
കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും. മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിക്കെതിരെ നേരത്തെയും ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചു. 2018 നവംബർ 22 ന് മോന്‍സന്‍റെ കലൂരുള്ള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.
കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോള്‍ സുധാകരൻ എംപിയായിരുന്നില്ല. കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് സുധാകരനൊപ്പം ചിത്രത്തിലുള്ള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പ്രതികരിച്ചു . മന്ത്രി റോഷി അഗസ്റ്റിൻ, മുൻമന്ത്രി വി എസ് സുനിൽ കുമാർ തുടങ്ങവർക്കൊപ്പമുളള മോൻസന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Post Your Comments