രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഭാരത് ഗൗരവ് ടൂർ പാക്കേജിലൂടെയാണ് ഈ അവസരം ഒരുക്കിയിട്ടുള്ളത്. ദിവസങ്ങൾ നീളുന്ന പാക്കേജിൽ മൈസൂർ, ഹംപി, ഷിർദി, ശനി ശിംഗനാപൂർ, നാസിക്, ഗോവ എന്നിവിടങ്ങൾ സന്ദർശിക്കാൻ സാധിക്കും. തെക്കുപടിഞ്ഞാറൻ മേഖലയിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ യാത്ര ഈ മാസം 17-നാണ് ആരംഭിക്കുക.
ജൂൺ 17ന് കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ജൂൺ 26നാണ് സമാപിക്കുക. കൊച്ചുവേളിക്ക് പുറമേ, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഇറോഡ് ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എസി ത്രീ ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ഉൾപ്പെടെ 754 പേർക്ക് ഒരേസമയം യാത്ര ചെയ്യാനാകും. നോൺ എസി ക്ലാസുകളിലെ യാത്രയ്ക്ക് 18,350 രൂപയും, തേർഡ് എസി ക്ലാസിലെ യാത്രയ്ക്ക് 28,280 രൂപയുമാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. എസി ഹോട്ടലുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. മടക്കയാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നീ സ്റ്റേഷനുകളിൽ ഇറങ്ങാം.
Post Your Comments