കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. സംഭവത്തിൽ സിറ്റി സ്വദേശികളായ നിബ്രാസ്, അമൻ, സൈൻ, ഷസ്വിൻ എന്നിവരെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയും തോട്ടട എസ്.എൻ കോളജിന് സമീപം ദുഅ്വയിൽ സിറാജിന്റെ മകനുമായ ഷാദ് മുഹമ്മദ് സിറാജിനെ(14)യാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.
Read Also : സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില: ഉള്ളിവില കുത്തനെ കൂടി
സിറ്റി ജുമാ മസ്ജിദിന് സമീപത്തുവെച്ച് വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് സഹപാഠികൾക്കൊപ്പം പള്ളിയിൽ പോകാനിറങ്ങിയ ഷാദിനെ ബൈക്കിലെത്തിയ രണ്ടുപേർ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്ന്, റെയിൽവേ പാളത്തിന് സമീപത്തെ ഗ്രൗണ്ടിലെത്തിച്ച ശേഷം മർദ്ദിച്ചു. വൈകീട്ട് നാലോടെ തിരിച്ച് സ്കൂളിനടുത്ത് ഇറക്കിവിട്ടു. പുറത്തും കൈക്കും കാലിനും പരിക്കേറ്റ ഷാദ് കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സതേടി.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Leave a Comment