കാസർഗോഡ്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്ത മുൻ എസ്.എഫ്.ഐക്കാരി കെ.വിദ്യയുടെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ പോലീസ് കണ്ടത് പൂട്ടിക്കിടക്കുന്ന വീട്. കേസ് രജിസ്റ്റർ ചെയ്ത് അഞ്ച് ദിവസമായിട്ടും വിദ്യയെ കണ്ടെത്താൻ പിണറായി പോലീസിനായിട്ടില്ല. വിദ്യ ഇപ്പോഴും ഒളിവിൽ തന്നെയാണ്.
പോലീസ് ഉദ്യോഗസ്ഥർ തൃക്കരിപ്പൂരിലെ വിദ്യയുടെ വീട്ടിലെത്തിയപ്പോൾ ഈ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തൊട്ടടുത്ത വീടുകളിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. വിദ്യ എവിടെയെന്ന് സൂചനയില്ലെന്നും വ്യാജസർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്നും വീട്ടിലെത്തിയ അഗളി പോലീസ് അറിയിച്ചു. കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്ന ആരോപണവുമുണ്ട്. എന്നാൽ, കെ.എസ്.യുവിന്റെ ഈ ആരോപണം പോലീസ് കാര്യമാക്കിയിട്ടില്ല.
വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച വിവരങ്ങൾ അറിയാനാകൂ. വിദ്യയ്ക്കെതിരെ മഹാരാജാസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസും അഗളി പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് പോലീസ്.
2021ൽ ആസ്പയർ സ്കോളർഷിപ് ഇന്റേൺഷിപ്പിനു മഹാരാജാസ് കോളജിൽ പ്രവേശനം നേടിയപ്പോൾ ലഭിച്ച ജോയ്നിങ് സർട്ടിഫിക്കറ്റിലെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സൂചന. ഈ സർട്ടിഫിക്കറ്റിൽ വൈസ് പ്രിൻസിപ്പൽ ഇട്ട അതേ ഒപ്പും സീലുമാണു ഗെസ്റ്റ് അധ്യാപകജോലിക്കായി സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിലുമുള്ളത്.
Post Your Comments