കൊച്ചി: നഗരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശിച്ച കാര്യങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാതെ കൊച്ചി കോർപറേഷൻ. കൊച്ചിയിലെ മാലിന്യ നീക്കം പൂര്‍ണമായും നിലച്ച അവസ്ഥയാണുള്ളത്. കലൂര്‍, വൈറ്റില, സ്‌റ്റേഡിയം ജംഗ്ഷന്‍, പാലാരിവട്ടം, പനമ്പള്ളി നഗര്‍ എന്നിവിടങ്ങളില്‍ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. മാലിന്യം നീക്കം ചെയ്യുമെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും കോർപറേഷൻ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, പറച്ചിലല്ലാതെ യാതൊരു നടപടിയും സ്വീകരിക്കാൻ കോർപറേഷന് കഴിഞ്ഞിട്ടില്ല.
ദിവസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം ജനങ്ങൾക്ക് ബുദ്ധിമുട്ട് ആയിരിക്കുകയാണ്. ചീഞ്ഞളിഞ്ഞ മാലിന്യം മഴയെത്തിയതോടെ ഒഴുകി പടര്‍ന്ന് ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ബ്രഹ്മപുരത്തേക്ക് ജൂണ്‍ ഒന്നു മുതല്‍ മാലിന്യം കൊണ്ടുപോകില്ലെന്ന് സര്‍ക്കാരും കോര്‍പറേഷനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതിനുശേഷവും ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകേണ്ട അവസ്ഥയുണ്ടായി. കൊച്ചിയില്‍ ഒരു ദിവസം പുറന്തള്ളുന്നത് 100 ടൺ മാലിന്യമാണ്.
Post Your Comments