കോട്ടയം: മുന്‍ ഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശബരിമലയില്‍ നടന്ന ഗൂഢാലോചന ഒരു സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും പങ്ക് പുറത്ത് വരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം കൂടിയേ തീരൂ. 2018ല്‍ അയ്യപ്പഭക്തര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ മനീതി സംഘത്തിന് പമ്പ വരെ എത്താന്‍ സഹായം ചെയ്തുവെന്ന് മുന്‍ ഡിജിപി പറഞ്ഞത് ഗൗരവതരമാണ്. മറ്റ് ഭക്തന്‍മാര്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമേ വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ എന്നിരിക്കെ മനീതിസംഘത്തിന് എങ്ങനെയാണ് പമ്പ വരെ യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചത്. ആചാരലംഘനം നടത്താന്‍ പോലീസ് കൂട്ടുനിന്നെന്ന് ഡിജിപി തന്നെ തുറന്ന് പറയുകയാണ്. ശബരിമല തകര്‍ക്കാനെത്തിയവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി നിന്നത്’, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
‘പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭക്തന്‍മാരെ മതഭ്രാന്തന്‍മാരാക്കി. ശബരിമല തകര്‍ക്കാന്‍ പിണറായി വിജയന്‍ തന്നെയാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. സുപ്രീം കോടതി വിധിയുടെ മറവില്‍ ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അന്ന് തന്നെ ബിജെപി ആരോപിച്ചിരുന്നു. യുവതികള്‍ സ്വമേധയാ വന്നതല്ല സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് പൊലീസ് മേധാവി തന്നെ സ്ഥിരീകരിച്ചിരിച്ചിരിക്കുകയാണ്. ഈ വെളിപ്പെടുത്തലുകളില്‍ സര്‍ക്കാര്‍ മറുപടി പറയണം’, സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Post Your Comments