തിരുവനന്തപുരം: സിനിമ അസിസ്റ്റന്റ് ക്യാമറാമാൻ കഞ്ചാവുമായി പിടിയിൽ. കാഞ്ഞിരപ്പള്ളി മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാൻ ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 225 ഗ്രാം കഞ്ചാവും, കഞ്ചാവ് തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ കയ്യിൽ നിന്ന് കണ്ടെത്തി. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. വിൽപ്പനയ്ക്കായി പാക്കറ്റുകളാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ആണ് കണ്ടെടുത്തത്. ഇയാൾ സിനിമ പ്രവർത്തനത്തിന് പോകുമ്പോഴും മയക്കുമരുന്ന് കൈവശം വയ്ക്കാറുള്ളതായാണ് റിപ്പോർട്ട്. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ തുടങ്ങിയ സിനിമകളിൽ ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം ഇയാൾ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി പിടിയിലായത്. റെയ്ഡിന് വീട്ടിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങൾ തടയാനും എതിർക്കാനും ശ്രമിച്ചെങ്കിലും എതിർപ്പിനെ അതിജീവിച്ച് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിൽ 5 പൊതികളായാണ് കഞ്ചാവ് കണ്ടെത്തിയത്. ചെറിയ ഇലക്ട്രോണിക് ത്രാസും മുറിയിൽ നിന്നും കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ കയ്യേറ്റ ശ്രമം പ്രതിയുടെ ഭാഗത്തു നിന്നുമുണ്ടായി. കാഞ്ഞിരപ്പള്ളി എരുമേലി തെക്ക് സ്വദേശി ആരോമൽ സജിയെ രണ്ടാം പ്രതിയായും കേസിൽ ചേർത്തിട്ടുണ്ട്.
കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേർ കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നതിനാൽ വൻ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങുന്നവർ, വിതരണക്കാർ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കേസ് കണ്ടെടുക്കുന്നതിൽ കോട്ടയം എക്‌സൈസ് സൈബർ സെല്ലിന്റെ സഹായം ലഭിച്ചിട്ടുണ്ട്.
Read Also: സംസ്ഥാനത്ത് 40 വ്യവസായ എസ്റ്റേറ്റുകൾ: വിജ്ഞാപനം പുറത്തിറക്കി സർക്കാർ
Post Your Comments