രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ പ്രചരിക്കുന്ന അഭ്യൂഹമാണ് 1000 രൂപ നോട്ടുകളുടെ തിരിച്ചുവരവ്. പുതിയ നോട്ടുകൾ അവതരിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് 500 രൂപ നോട്ടുകൾ പിൻവലിക്കുമെന്നും, 2016-ലെ നോട്ട് നിരോധന സമയത്ത് നിരോധിച്ച 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഏതാനും ദിവസങ്ങളായി നടക്കുന്നത്. എന്നാൽ, ഇതിനെതിരെ കൃത്യമായ വിശദീകരണവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.
വീണ്ടും 1000 രൂപ നോട്ടുകൾ പുറത്തിറക്കുമെന്നും, 500 രൂപ നോട്ടുകൾ പിൻവലിക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പൂർണമായും റിസർവ് ബാങ്ക് ഗവർണർ തള്ളിയിട്ടുണ്ട്. ഇത് സംബന്ധിച്ച് യാതൊരു വിവരവും തന്റെ കൈവശം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് മെയ് 19-ന് 2000 രൂപ നോട്ടുകൾ പിൻവലിച്ച പശ്ചാത്തലത്തിലാണ് പുതിയ അഭ്യൂഹങ്ങൾ ഉടലെടുത്തത്. ഇന്നലെ നടന്ന പണനയ അവലോകന യോഗത്തിലാണ് ആർബിഐ ഗവർണർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. അതേസമയം, പിൻവലിച്ച 2000 രൂപ നോട്ടുകളിൽ പകുതിയിലധികവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
Post Your Comments