Latest NewsNewsIndia

ഒഡിഷ തീവണ്ടിയപകടം: കാരണം സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഒഡിഷയിലുണ്ടായ തീവണ്ടിയപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായമെന്ന് റിപ്പോർട്ട്. സിഗ്നലിങ്ങിലെ തകരാറാകാം അപകടത്തിന് കാരണമെന്ന പരിശോധനാസമിതിയുടെ റിപ്പോർട്ടിനോട്, അതിലെ അംഗമായ സീനിയർ സെക്‌ഷൻ എൻജിനിയർ (സിഗ്നൽസ് ആൻഡ് കമ്യൂണിക്കേഷൻസ്) എകെ മഹന്തയാണ് വിയോജിച്ചത്.

പരിശോധനസമിതിയിലെ മറ്റ് നാലംഗങ്ങളും സ്വീകരിച്ച നിലപാടിനോടാണ് മഹന്ത വിയോജിച്ചത്. ചരക്കുതീവണ്ടി കിടന്ന അപ് ലൂപ് ലൈനിലേക്കല്ല, മറിച്ച് മുഖ്യ പാതയിലൂടെ നേരെ പോകാനുള്ള പച്ചസിഗ്നലാണ് കോറമണ്ഡൽ എക്സ്പ്രസിന് ലഭിച്ചതെന്ന് മഹന്ത ചൂണ്ടിക്കാട്ടുന്നു. കോറമണ്ഡലിന് മുഖ്യ പാതയിലൂടെ പോകാൻ തന്നെയാണ് പോയിന്റ് 17-എ സെറ്റ് ചെയ്ത് വെച്ചതെന്നും മഹന്ത അവകാശപ്പെടുന്നു. ഇക്കാര്യത്തിലാണ് ഭിന്നത.

ബാലസോർ തീവണ്ടിയപകടത്തിൽ സിബിഐ പരിശോധനാ റിപ്പോർട്ടിൽ പറയുന്നത് പോയിന്റ് സെറ്റ് ചെയ്തിരുന്നത് അപ് ലൂപ് ലൈനിലേക്കായിരുന്നു എന്നാണ്. ഇതിനോട് യോജിക്കാനാവില്ലെന്നാണ് മഹന്ത പറയുന്നത്. ഡേറ്റാലോഗർ റിപ്പോർട്ട് പ്രകാരം പോയിന്റ് സെറ്റ് ചെയ്തത് നേരെ പോകാനാണ്. വണ്ടി പാളം തെറ്റിയതിനെത്തുടർന്ന് പോയിന്റിൽ മാറ്റം വന്നതാകാമെന്നാണ് മഹന്തയുടെ വാദം.

അതേസമയം, ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിൽ ബോധപൂർവമായ ഇടപെടൽ ഉണ്ടായെന്ന നിലപാടിലാണ് റെയിൽവേ ഉദ്യോഗസ്ഥർ. സിഗ്നലിങ്ങിലും തെറ്റ് സംഭവിച്ചെന്നാണ് അവരുടെ നിഗമനം. കാരണം, പോയിന്റ് സെറ്റ് ചെയ്തിരിക്കുന്നത് ലൂപിലേക്കാണെങ്കിൽ, നേരെ പോകേണ്ട വണ്ടിക്ക് പച്ചസിഗ്നൽ ലഭിക്കാൻ പാടില്ല. നേരെ മുന്നോട്ടുള്ള പാതയിൽ ഒരു തടസ്സവുമില്ലെങ്കിൽ മാത്രമേ പച്ച സിഗ്നൽ തെളിയാവൂ.

എന്നാൽ, കോറമണ്ഡൽ പാളം തെറ്റിയത് ലെവൽ ക്രോസിങ്ങിന് മുൻപാണെന്ന് മഹന്ത പറയുന്നു. ഇത് പോയിന്റ് 17-എയുടെ മുന്നേയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനോട് മറ്റ് ഉദ്യോഗസ്ഥർ വിയോജിച്ചു. മഹന്തയുടെ വാദത്തിന് തെളിവില്ലെന്നാണ് അവർ പറയുന്നത്.

 

സിഗ്നൽ പച്ചയായിരുന്നു എന്നതിൽ ആർക്കും ഭിന്നാഭിപ്രായമില്ല. പോയിന്റ് സെറ്റ് ചെയ്തത് ലൂപിലേക്കാണെങ്കിൽ, നേരെ പോകേണ്ട വണ്ടിക്ക് എങ്ങനെ പച്ചസിഗ്നൽ ലഭിച്ചുവെന്നതാണ് ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button