Latest NewsKeralaNews

3വര്‍ഷം മുമ്പ് അമ്മയുടെ ആത്മഹത്യ, അമ്മയുടെ മാതാപിതാക്കളെ കാണാന്‍ വാശിപിടിച്ചതില്‍ പ്രകോപിതനായി കൊലപാതകം, നോവായി നക്ഷത്ര

മാവേലിക്കര: ആറുവയസ്സുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത് കുട്ടി അമ്മയുടെ മാതാപിതാക്കളെ കാണാന്‍ വാശിപിടിച്ചതിനാൽ പ്രകോപിതനായത് കൊണ്ടെന്ന് പൊലീസ്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണു കൊല്ലപ്പെട്ടത്. അച്ഛൻ ശ്രീമഹേഷിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിൽ ശ്രീമഹേഷിന്റെ അമ്മ സുനന്ദയ്ക്ക്(62) കൈക്കു വെട്ടേറ്റു. സുനന്ദ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഏഴരയോടെയാണു സംഭവം.

ശ്രീമഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന സുനന്ദ ബഹളംകേട്ട് ഓടിച്ചെല്ലുമ്പോൾ സോഫയിൽ നക്ഷത്ര വെട്ടേറ്റു കിടക്കുന്നതാണു കണ്ടത്. നിലവിളിച്ചുകൊണ്ട് സുനന്ദ പുറത്തേക്കോടിയപ്പോൾ ശ്രീമഹേഷ് പിന്തുടർന്ന് ആക്രമിച്ചു. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസികളെ ശ്രീമഹേഷ് മഴുകാട്ടി ആക്രമിക്കാനും ശ്രമിച്ചു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം ശ്രീമഹേഷും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നു പറഞ്ഞ് നക്ഷത്ര ശാഠ്യം പിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പോലീസ് പറഞ്ഞു.

വിദേശത്തായിരുന്ന പ്രതി അച്ഛൻ ശ്രീമുകുന്ദൻ മരിച്ചതിനു ശേഷമാണ് നാട്ടിലെത്തിയത്. ശ്രീമഹേഷിന്റെ രണ്ടാം വിവാഹം പോലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു.

എന്നാൽ, ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ചറിഞ്ഞ പെൺവീട്ടുകാർ അതിൽനിന്നു പിന്മാറിയിരുന്നു. അതിനുശേഷം ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പോലീസ് കേസെടുത്തിരുന്നു. മുള്ളിക്കുളങ്ങര ഗവ. എൽപിഎസ് ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് നക്ഷത്ര. മാവേലിക്കര പോലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button