മഹാരാജാസ് കോളേജ് വ്യാജരേഖ കേസ്: വിദ്യ സജീവ എസ്എഫ്ഐ പ്രവർത്തക, മുൻപ് ജോലി നേടിയതും ഈ രേഖ ഉപയോഗിച്ച് തന്നെ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച്‌ മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന പരാതിയില്‍ എസ്‌എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്കെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. മഹാരാജാസ് കോളജ് നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. യുവ എഴുത്തുകാരി എന്ന നിലയിൽ സാംസ്കാരിക രംഗത്ത് പേരെടുത്ത വ്യക്തിയാണ് വിദ്യ. യുവ കഥാകാരിയായ വിദ്യ, തന്റെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ വിദ്യയുടെ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

2021 ൽ കൊവിഡ് കാലത്ത് പ്രമുഖ ഇടത് സഹയാത്രികനും കാലടി സർവകലാശാലയിലെ അധ്യാപകനുമായ സുനിൽ പി ഇളയിടമാണ് വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത്. ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഇവർ മഹാരാജാസ് കോളേജിൽ എത്തിയത്. സജീവ എസ്എഫ്ഐ പ്രവർത്തകയായിരുന്നു വിദ്യ. ഇവർ മുൻപും ഈ വ്യാജ രേഖ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്. കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ജോലി ചെയ്തത്. ഇക്കാര്യം കോളജ് അധികൃതർ സമ്മതിച്ചിട്ടുണ്ട്.

2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്. പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെ സംഭവം പുറത്താവുകയായിരുന്നു.

Share
Leave a Comment