കിഴക്കേ കല്ലട: ആഡംബര ബൈക്ക് മോഷണകേസ് പ്രതി പൊലീസ് ജീപ്പിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് മോഷണകേസിലെ പ്രതി കൊടുവിള സ്വദേശി ജോമോൻ (18) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന്, മണിക്കൂറുകൾക്കുള്ളിൽ മുട്ടം കായൽവാരത്തുള്ള ബന്ധുവീട്ടിൽ നിന്ന് ഇയാളെ പൊലീസ് പിടികൂടി.
കഴിഞ്ഞദിവസം രാത്രി മുട്ടം സ്വദേശി ആൽഫിന്റെ ആഡംബര ഇരുചക്രവാഹനം ആണ് ജോമോൻ മോഷ്ടിച്ചത്. വാഹനത്തിൽ ഇന്ധനമില്ലാത്തതിനാൽ ചിറ്റുമല ഓണമ്പലത്തിന് സമീപം ഉപേക്ഷിച്ചു. ആൽഫിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജോമോനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിന്ന് പിടികൂടി. കിഴക്കേകല്ലട സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി ജീപ്പിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പിടികൂടാൻ ശ്രമിച്ച കിഴക്കേകല്ലട എസ്. ഐ ഷാജഹാന് നട്ടെല്ലിന് സാരമായി പരിക്കേറ്റു.
ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ കിഴക്കേക്കല്ലട ഇൻസ്പെക്ടർ സുധീഷ് കുമാർ, എസ്.ഐ ഷാജഹാൻ, എ.എസ്.ഐ മധുകുട്ടൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ എസ്.ഐ ബിൻസ രാജ്, എ.എസ്.ഐ സുനു, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒ വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസിലെ പ്രതിയാണ് ജോമോൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments