തിരുവനന്തപുരം: അഴിമതി പരിപൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തി റവന്യു വകുപ്പിൽ വിവിധതലങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. ഇതിന്റെ ഭാഗമായി റവന്യു മന്ത്രി മുതൽ ലാൻഡ് റവന്യു കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണർ വരെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഓരോ മാസവും രണ്ട് വില്ലേജ് ഓഫീസ് എങ്കിലും പതിവായി സന്ദർശിക്കും. വകുപ്പിനെ പൂർണമായും അഴിമതി മുക്തമാക്കുക എന്ന ലക്ഷ്യം ചർച്ച ചെയ്യാനായി സർവീസ് സംഘടനാ പ്രതിനിധികളുമായി റവന്യു മന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.
റവന്യു മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യു കമ്മീഷണർ, ജോയിന്റ് കമ്മീഷണർ എന്നിവരാണ് ഓരോ മാസവും ചുരുങ്ങിയത് രണ്ട് വില്ലേജ് ഓഫീസുകൾ എങ്കിലും സന്ദർശിക്കുക. ഇതിനുപുറമേ റവന്യു ഇന്റലിജൻസ് വിഭാഗത്തിന്റെ വിവിധ തലങ്ങളിലുള്ള പരിശോധനയും ഉണ്ടാകും. ഇങ്ങനെ പല തലങ്ങളിലുള്ള പരിശോധന വന്നാൽ ഒരു മാസം സംസ്ഥാനത്തെ 500 വില്ലേജുകളിൽ ഒരു തവണയെങ്കിലും ഉന്നത റവന്യു ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള സാന്നിധ്യം ഉറപ്പാക്കാൻ കഴിയും. കീഴ് ജീവനക്കാർ അഴിമതിയുടെ ഭാഗമായാൽ അതേക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് ഒന്നുമറിയില്ല എന്ന നില അനുവദിക്കാനാവില്ലെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. രാജ്യത്ത് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. റവന്യു വകുപ്പിലും നല്ലത് പോലെ അഴിമതി കുറഞ്ഞിട്ടുണ്ട്. എങ്കിലും വകുപ്പിനെ പരിപൂർണമായും അഴിമതി മുക്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പഴുതടച്ച പരിശോധനകളും മറ്റു നടപടികളും പ്രാവർത്തികമാക്കുന്നത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് നേരെ മൗനം പാലിക്കുകയോ അത് അറിയാതിരിക്കുകയോ ചെയ്യുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട് മാറ്റേണ്ടതുണ്ട്. അഴിമതിക്കാരെ ചൂണ്ടിക്കാട്ടുന്ന ജീവനക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും അവരെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തലങ്ങളിലുള്ള പരിശോധന മാസത്തിൽ രണ്ടു തവണ നടത്തിയോ എന്നത് അവരുടെ പെൻ നമ്പർ മുഖേന അറിയാൻ സാധിക്കും. ഉദ്യോഗസ്ഥരുടെ പെൻ നമ്പറുമായി ബന്ധിപ്പിക്കുന്ന മൊഡ്യൂൾ ഇതിനായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർ ഒരു കാരണവശാലും മൂന്നുവർഷത്തിനുശേഷം ഒരിടത്ത് തുടരില്ല. റവന്യു ഉദ്യോഗസ്ഥരുടെ നെയിംബോർഡ് അവരുടെ സീറ്റുകൾക്ക് മുൻപാകെ പ്രദർശിപ്പിക്കും. ജനങ്ങൾക്ക് പേരും തസ്തികയും സഹിതം പരാതിപ്പെടാനാണിത്.
ഈ മാസം 10 ഓടെ അഴിമതിക്കാരെ ചൂണ്ടിക്കാട്ടാൻ ഉള്ള ടോൾ ഫ്രീ നമ്പർ നിലവിൽ വരും. ഇതിനു പുറമേ ജൂലൈയോടെ വകുപ്പിന്റെ പോർട്ടലിൽ ഇതിനുള്ള സംവിധാനം ഒരുക്കും. അഴിമതിക്കാരെ ഒറ്റപ്പെടുത്താനും അഴിമതി അവസാനിപ്പിക്കാനുമായി സർവീസ് സംഘടനകൾ വഴി ജീവനക്കാരെ മുൻനിർത്തി അതിവിപുലമായ പ്രചാരണ പരിപാടി തുടങ്ങാനാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. ഇതിനുവേണ്ടി ജോയിന്റ് കമ്മീഷണർ അർജുൻ പാണ്ഡ്യൻ കൺവീനറായി സമിതിയെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഈ സമിതിയിൽ സർവീസ് സംഘടനകളുടെ ഓരോ പ്രതിനിധി വീതം അംഗമായിരിക്കും. ഈയാഴ്ച തന്നെ സമിതി കൂടിയാലോചന നടത്തി പരിപാടികൾ പ്രഖ്യാപിക്കും. കൈക്കൂലി വാങ്ങുന്നത് പോലെ കൈക്കൂലി നൽകുന്നതും തെറ്റാണ് എന്ന രീതിയിൽ അഴിമതിയെ സമീപിക്കുമെന്നും മന്ത്രി രാജൻ അറിയിച്ചു.
നവംബർ ഒന്നോടെ റവന്യു വകുപ്പ് നൽകുന്ന എല്ലാ സേവനങ്ങളും സമ്പൂർണ ഡിജിറ്റലൈസേഷൻ ആകും. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങളും ഏജന്റുമാരുടെ ഇടപെടലുകളും നടക്കുന്നുണ്ട്. 25 സെന്റ് വരെ തരംമാറ്റാൻ ഫീസ് ആവശ്യമില്ല എന്നതൊന്നും പലരും അറിയില്ല. ജനങ്ങളുടെ അജ്ഞത ഒഴിവാക്കാൻ നവംബർ ഒന്നുമുതൽ റവന്യൂ ഇ-സാക്ഷരത ക്യാമ്പയിൻ തുടങ്ങും. ഓൺലൈൻ മുഖേന ലഭ്യമായ റവന്യു സേവനങ്ങൾക്ക് ആളുകൾ മുഖതാവിൽ ഓഫീസുകളിൽ വരേണ്ട ആവശ്യമില്ല. നേരിട്ട് റവന്യു ഓഫീസിൽ നൽകുന്ന ഏത് അപേക്ഷയും വില്ലേജ് ഓഫീസർ കണ്ടിരിക്കണം. അഴിമതിയിൽ ഭാഗഭാക്കാകുന്ന ജീവനക്കാർക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്ന് അഴിമതിക്കെതിരായ സർക്കാർ നടപടികൾക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ച എല്ലാ സർവീസ് സംഘടനകളും ഐക്യകണ്ഠേന ആവശ്യപ്പെട്ടു. റവന്യു മന്ത്രി വിളിച്ച യോഗത്തിൽ 17 സർവീസ് സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
Post Your Comments