മതിലകം: മതിലകത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.
ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെ രണ്ട് അപകടങ്ങളും നടന്നത്. രണ്ടിടത്തും ഡ്രൈവർമാർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് നിഗമനം. പുതിയകാവ് ജുമാ മസ്ജിദിന് സമീപം ടോറസ് ലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ബാദുഷയെ പുന്നക്കബസാർ ആക്ട്സ് ആംബുലൻസുകാർ കൊടുങ്ങല്ലൂർ എ.ആർ. മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
അതേസമയം, പുലർച്ചെ 2.30ഓടെ മതിലകം പൊലീസ് സ്റ്റേഷന് മുമ്പിലായിരുന്നു മറ്റൊരു അപകടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവയിൽ കൊല്ലത്തു നിന്നുള്ള കുടുംബം സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ സുബൈദ ബീവി (59), ഫിസാഫ്രിൻ (ഒമ്പത്) എന്നിവർക്കാണ് പരിക്കേറ്റത്.
അപകടത്തിൽ പരിക്കേറ്റവരെ മതിലകം എസ്.വൈ.എസ് സാന്ത്വനം ആംബുലൻസിൽ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിച്ചശേഷം കൊല്ലത്തേക്ക് കൊണ്ടുപോയി. മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Post Your Comments