മഴ കനക്കുന്നു! തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് സംസ്ഥാനത്ത് എത്തിയേക്കും

ന്യൂനമർദ്ദം പിന്നീട് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്

സംസ്ഥാനത്ത് ഇന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയേക്കും. നിലവിൽ, കാലവർഷം ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ എത്തിയിട്ടുണ്ട്. ഇവ ഉടൻ വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. അതേസമയം, കാലവർഷം ലക്ഷദ്വീപിൽ എത്തിയെങ്കിലും അവയ്ക്ക് കേരളത്തിലേക്ക് മുന്നേറാനുള്ള അനുകൂല സാഹചര്യം നിലനിൽക്കുന്നുണ്ടോ എന്നതിൽ കാലാവസ്ഥാ വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല. അതിനാൽ, കാലവർഷം എത്തുന്നത് വൈകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

കാലവർഷത്തിനു മുന്നോടിയായി അനുഭവപ്പെടുന്ന മഴയിൽ ഇത്തവണ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും അന്തരീക്ഷച്ചുഴികൾ കാലവർഷത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെടുന്ന അന്തരീക്ഷച്ചുഴി, രണ്ട് ദിവസത്തിനകം ന്യൂനമർദ്ദമാകാനാണ് സാധ്യത. ന്യൂനമർദ്ദം പിന്നീട് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ന്യൂനമർദ്ദം തീരത്തുനിന്ന് അകന്നു പോകുകയാണെങ്കിൽ, കാലവർഷത്തിന്റെ തുടക്കം ദുർബലമാകുന്നതാണ്. അതേസമയം, തീരത്തോട് അടുത്താണെങ്കിൽ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഇത്തവണ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ അനുഭവപ്പെട്ടേക്കും.

Share
Leave a Comment