നാല് വർഷമായി വളർച്ചാ ഹോർമോൺ ഗുളികകൾ കഴിപ്പിച്ചു: അമ്മയ്ക്കെതിരെ ബാലാവകാശ കമ്മീഷനെ സമീപിച്ച് 16കാരി
ആന്ധ്രാപ്രദേശ്: 16 വയസുകാരിയായ മകളെ നടിയാക്കാൻ വളർച്ചാ ഹോർമോൺ ഗുളികകൾ നിർബന്ധപൂർവം കഴിപ്പിച്ചെന്ന് പരാതി. ആന്ധ്രാ പ്രദേശിലാണ് സംഭവം. കുട്ടിയെ ബാലാവകാശ കമ്മീഷൻ രക്ഷപ്പെടുത്തി. പെൺകുട്ടി തന്നെയാണ് ബാലാവകാശ കമ്മീഷനെ വിവരമറിയിച്ചത്.
കഴിഞ്ഞ നാല് വർഷമായി അമ്മ തനിക്ക് ഹോർമോൺ ഗുളികകൾ നൽകുകയാണെന്ന് കുട്ടി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച കുട്ടി ഈ വിവരം ചൈൽഡ് ലൈൻ നമ്പരിൽ വിളിച്ചറിയിച്ചു. ഹോർമോൺ ഗുളികകളുടെ സൈഡ് എഫക്ടുകൾ കൊണ്ടുണ്ടാവുന്ന വേദന സഹിക്കാനാവുന്നില്ലെന്നായിരുന്നു കുട്ടിയുടെ പരാതി. അമ്മ, തന്നെ ബലമായി ഗുളികകൾ കഴിപ്പിക്കുകയാണെന്നും സിനിമാക്കാരെന്ന മട്ടിൽ വീട്ടിലെത്താറുള്ള അപരിചിതരുമായി അടുത്ത് ഇടപഴകാൻ നിർബന്ധിക്കുകയാണെന്നും കുട്ടി ചൈൽഡ് ലൈനോട് പറഞ്ഞു. ഗുളിക കഴിച്ചതിൻ്റെ പിറ്റേന്ന് താൻ അബോധാവസ്ഥയിലാവും. കടുത്ത ശരീരവേദന തൻ്റെ പഠനത്തെപ്പോലും ബാധിച്ചു.
പഠനത്തിനു ശേഷം നിർമാതാക്കളുമായും സംവിധായകരുമായും കമ്മിറ്റ്മെൻ്റുകൾക്ക് തയ്യാറാവണമെന്ന് അമ്മ ആവശ്യപ്പെട്ടു. ഗുളിക കഴിച്ചില്ലെങ്കിൽ അമ്മ അടിക്കുമായിരുന്നു. ഷോക്കടിപ്പിക്കുമെന്ന് ഭയപ്പെടുത്തിയിരുന്നു എന്നും കുട്ടി പരാതിപ്പെട്ടു. പരാതിയ്ക്ക് പിന്നാലെ വീട്ടിലെത്തിയ ബാലാവകാശ കമ്മീഷൻ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതി ചേർക്കപ്പെട്ട സ്ത്രീ വിധവയാണ്. ആദ്യ ഭർത്താവ് ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും രണ്ടാം ഭർത്താവ് മരണപ്പെടുകയും ചെയ്തതാണെന്ന് കുട്ടി പറയുന്നു.
Post Your Comments