രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ‘കാർ ലോൺ മേള’ സംഘടിപ്പിച്ചു. രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായാണ് കാർ ലോൺ മേള സംഘടിപ്പിച്ചത്. കൂടുതൽ ആളുകളെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓട്ടോമൊബൈൽ ഫിനാൻസ് ആക്സസ് ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ഇതിലൂടെ ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ളവർക്ക് താങ്ങാനാവുന്ന പലിശ നിരക്കിൽ വൈവിധ്യമാർന്ന വായ്പകൾ നേടാൻ സാധിക്കും. പ്രധാനമായും വായ്പകൾക്ക് മൂന്ന് തിരിച്ചടവ് ഓപ്ഷനുകളാണ് എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.
റെഗുലർ, സ്റ്റെപ്പ് ആപ്പ്, ബലൂൺ റീപേയ്മെന്റ് എന്നിങ്ങനെയാണ് തിരിച്ചടവ് ഓപ്ഷനുകൾ. വായ്പക്കാരന്റെ നിലവിലെ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് റെഗുലർ തിരിച്ചടവ് ഓപ്ഷൻ ലഭ്യമാക്കുക. അതേസമയം, സ്റ്റെപ്പ് ആപ്പ്, ബലൂൺ റീപേയ്മെന്റ് എന്നീ തിരിച്ചടവ് ഓപ്ഷനുകളിൽ വായ്പക്കാരന്റെ നിലവിലെ വരുമാനവും, പ്രതീക്ഷിക്കുന്ന വരുമാന വളർച്ചയും ഒരുമിച്ചാണ് പരിഗണിക്കുന്നത്. ഇത്തവണ ജൂൺ 2, 3 തീയതികളിലായി രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, വടക്കൻ മഹാരാഷ്ട്ര, വിദർഭ എന്നിവിടങ്ങളിലെ 650 ഓളം ശാഖകളിലാണ് പരിപാടി നടത്തിയത്. ഇവ ഘട്ടം ഘട്ടമായി മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാൻ എച്ച്ഡിഎഫ്സി ബാങ്ക് പദ്ധതിയിടുന്നുണ്ട്.
Post Your Comments