അഞ്‍ജു പാർവതി പ്രഭീഷ്
പൂമാലയിട്ട് സ്വീകരിക്കുന്നത് രാജ്യത്തിനു വേണ്ടിയോ നാടിനു വേണ്ടിയോ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ട് വന്നതിനല്ല!! അപകട ഘട്ടത്തിൽ സ്വന്തം ജീവൻ പണയം വച്ചിട്ട് അടുത്തൊരാളുടെ ജീവൻ രക്ഷിച്ചതിനുള്ള ആദരവ് അല്ല!! കണ്മുന്നിൽ കാണുന്ന അനീതികൾക്കെതിരെ പ്രതികരിച്ചതിനോ, രാഷ്ട്രീയ തോന്നിവാസങ്ങളെ തുറന്നു കാട്ടി, ചങ്കൂറ്റത്തോടെ സ്വന്തം നിലപാട് തുറന്നു പറഞ്ഞതിന് ജയിലിൽ പോകേണ്ടി വന്ന് പുറത്തിറങ്ങിയതിനും അല്ല!!
പിന്നെ???
ഒരു പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിൽ ഇരുന്ന് പരസ്യമായി തന്റെ ലൈംഗിക അവയവം പുറത്തെടുത്തു സ്വയംഭോഗം ചെയ്ത ഒരുവനെ ആണെന്നറിയുമ്പോൾ ലജ്ജിക്കണം പ്രബുദ്ധ സമൂഹം..
എക്സിബിഷനിസം എന്ന മനോരോഗം ബാധിച്ച ഒരു പെർവേർട്ടിനെ ചികിൽസിക്കാൻ കൂടെ നിൽക്കുന്നതാണ് മെൻസ് അസോസിയേഷൻ ചെയ്ത തീരുമാനം എങ്കിൽ പിന്നെയും അംഗീകരിക്കാൻ കഴിയുമായയിരുന്നു. ഇത് അതല്ല. ഒരു പെർവേർട്ടിനെ മാലയിട്ട് സ്വീകരിച്ച്, അവൻ ചെയ്ത കൃത്യത്തെ വീര സാഹസികത ആക്കി മാറ്റി, അവനെ ഹീറോ ആക്കി അവരോധിച്ച് അവന്റെ മനോരോഗത്തെ പർവ്വതീകരിക്കുന്നു. ഇത് വഴി സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്? നാളെ മുതൽ ഏതു മനോരോഗിയായ പെർവേർട്ടിനും എവിടെയും നിന്ന് ആരെയും നോക്കി ഉദ്ധരിച്ച ലിംഗം തുറന്നു കാട്ടി സ്വയം ഭോഗം ചെയ്യാം പറ്റും എന്നോ? അതോ കണ്മുന്നിൽ ഒരു മനോരോഗി നിങ്ങളെ തോണ്ടി വിളിച്ചു ഇതാ എന്റെ സാധനം, കണ്ടോളു എന്ന് പറഞ്ഞാലും, മിണ്ടാതെ അത് കണ്ടിട്ട് പോകണം എന്നാണോ? അതോ ബസ്സിലോ ട്രെയിനിലോ റോഡിലോ എവിടെ വച്ചും sexual ഡ്രൈവ് ഉണ്ടായാൽ ഉടനടി അവിടെ വച്ച് അത് തീർത്തോളൂ എന്ന പരസ്യ പ്രഖ്യാപനം ആണോ?
ഇംഗ്ലീഷ് സംസാരിക്കുന്ന ,തല ഉയർത്തി വച്ച് സ്വന്തം അഭിപ്രായങ്ങൾ ഉറക്കെ പറയുന്ന, തന്റെ ഇഷ്ടത്തിനനുസരിച്ചു ഇറക്കം കുറഞ്ഞ വസ്ത്രം ധരിയ്ക്കുന്ന പെണ്ണാണെങ്കിൽ അവൾ “പിഴച്ചവൾ “എന്ന് ജഡ്ജ് ചെയ്യുന്ന ഒരു സമൂഹം മുന്നോട്ട് വളരുകയല്ല താഴേയ്ക്ക് വളയുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റയിൽ തുണി ഉരിയുന്നതും ഉടുക്കുന്നതും അവരവരുടേത് ആയിട്ടുള്ള ഇഷ്ടം, ഒരു പക്ഷേ കരിയർ പ്രൊമോഷനോ ബോഡി പൊളിറ്റിക്സോ ഒക്കെ ആവാം, ആവാതിരിക്കാം. എന്നാൽ അത് കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നമുക്ക് സ്വാതന്ത്ര്യം ഉള്ളിടത്തോളം അതിന്റെ പേരിൽ ഒരുവളെയോ ഒരുവനെയോ വിചാരണ ചെയ്യാൻ എന്ത് അധികാരം? ശരി, ഒരുപക്ഷേ നിങ്ങൾ ഫോളോ ചെയ്യുന്ന വ്യക്തി ഇടുന്ന ഫോട്ടോ ഇഷ്ടമായില്ലെങ്കിൽ അതിനെ വിമർശിച്ചു കമന്റ് ഇടുക. അത് വരെയുള്ള സ്വാതന്ത്രം നിങ്ങൾക്ക് ഉണ്ട്. എന്നാൽ ആ ഐഡിയിലെ ചിത്രങ്ങൾ നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കിൽ അൺഫോളോ ചെയ്യുക. അവിടെ കഴിഞ്ഞു സംഗതി.! അല്ലാതെ സോഷ്യൽ മീഡിയയിൽ അല്പവസ്ത്രം ധരിച്ചു എന്ന കാരണത്താൽ ഒരുവൾ പുറത്ത് ഇറങ്ങുമ്പോൾ അവളെ ആ കണ്ണ് കൊണ്ട് നോക്കി എന്തും കാട്ടിക്കൂട്ടാം എന്ന് കരുതുന്നത് ക്രിമിനലിസം. ആ ക്രിമിനലിസം മനസ്സിൽ പേറുന്നവരാണ് സവാദ് കാണിച്ച തെണ്ടിത്തരത്തെ അത് ഉറക്കെ വിളിച്ചു പറഞ്ഞവളുടെ തുണിയുടെ അളവ് വച്ച് മറയ്ക്കാൻ നോക്കുന്നത്.
സവാദ് എന്ന യുവാവ്, ബിനു നിരപ്പേൽ എന്ന മധ്യവയസ്കൻ, പിന്നെ അടുത്തിടെയായി പിടിക്കപ്പെട്ട റോക്കറ്റ് തൊഴിലാളികൾ ഒക്കെ മനോരോഗികളാണ്. ഭയക്കേണ്ട തരം മനോരോഗത്തിന് അടിമകൾ ആണവർ.
സവാദ് പരസ്യമായി ഓടുന്ന ബസ്സിൽ ഇരുന്ന് അത് ചെയ്തെങ്കിൽ ബിനു നിറുത്തിയിട്ട ബസ്സിൽ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി പെൺകുട്ടിയെ വിളിച്ചു വെപ്രാളത്തോടെ അത് ചെയ്യുന്നു. നല്ല അസ്സൽ പെർവേർട്ടുകൾ. സമൂഹത്തിനു മുന്നിൽ മാന്യന്മാരായി ഒളിഞ്ഞിരുന്ന രണ്ട് പൊട്ടൻഷ്യൽ rapistukal. എന്നിട്ടും ഇവിടെ ചർച്ച ആവുന്നത് ഇവന്മാരുടെ മനോരോഗമോ ഇവന്മാരുടെ വൃത്തികെട്ട ചേഷ്ടകളോ അല്ല, മറിച്ച് രാഷ്ട്രീയം മാത്രം. ഇവിടെ എല്ലാം അതാണല്ലോ!
ഈ ചിത്രം വിളിച്ചുപ്പറയുന്നുണ്ട് ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ സംസ്കാരം. ഈ പൂമാല അടയാളപ്പെടുത്തുന്നുണ്ട് ഒരാളുടെ വസ്ത്ര സ്വാതന്ത്ര്യവും സ്വയം ഭോഗ സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവാത്ത ആൾക്കൂട്ട പെർവേർട്ടുകളുടെ ദുരവസ്ഥ.! ലൈംഗികത, മോഡസ് വിവന്റി ഇവ രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത ആൾ കേരള മെൻസ് അസോസിയേഷൻ പേര് മാറ്റി ആൾ കേരള മാസ്റ്റർബേഷൻ അസോസിയേഷൻ എന്നാക്കേണ്ടതാണ്..
Post Your Comments