രാജ്യത്ത് ഈ വർഷം ഡിസംബറിനകം ഭൂരിഭാഗം സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം അവസാനത്തോടെ 65 ശതമാനം ഇടങ്ങളിലും 5ജി സേവനം എത്തുന്നതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ടെലികോം രംഗത്ത് വൻ മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. നിലവിൽ, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം 5ജി സേവനങ്ങൾ ലഭ്യമാണ്. ഇവ ഗ്രാമപ്രദേശങ്ങളിലേക്കും വികസിപ്പിക്കാനാണ് പദ്ധതി. അതേസമയം, രാജ്യത്ത് വ്യാജ കോളുകൾ നിയന്ത്രിക്കാനുള്ള നടപടികൾ ഇതിനോടകം നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി 40 ലക്ഷം സിമ്മുകളാണ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2022 ഒക്ടോബർ ഒന്ന് മുതലാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 13 ഇടങ്ങളിൽ മാത്രമാണ് 5ജി സേവനങ്ങൾ ലഭിച്ചിരുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ വർഷം മാർച്ച് വരെ 1.01 ലക്ഷത്തോളം കേന്ദ്രങ്ങളിൽ 5ജി സേവനത്തിനായുള്ള അടിസ്ഥാന സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ദേശീയതലത്തിൽ 5ജി മുന്നേറ്റം ഏറ്റവും കൂടുതൽ കാഴ്ചവച്ചത് റിലയൻസ് ജിയോയാണ്. 82,509 കേന്ദ്രങ്ങളിലാണ് ജിയോ 5ജിക്കായുള്ള അടിസ്ഥാന സേവനങ്ങൾ ഒരുക്കിയത്. 19,142 കേന്ദ്രങ്ങളുമായി തൊട്ടുപിന്നിൽ ഭാരതി എയർടെലും ഇടം പിടിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ 10 ജില്ലകളിലായി 3,022 കേന്ദ്രങ്ങളാണ് 5ജിയ്ക്ക് സജ്ജമായിരിക്കുന്നത്.
Also Read: ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ചു : സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ, ഭാണ്ഡത്തിലുണ്ടായിരുന്നത് ലക്ഷങ്ങൾ
Post Your Comments