തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ഈ അധ്യയന വർഷം മുതൽ നാല് വർഷ ബിരുദ ഓണേഴ്സ് കോഴ്സുകൾ അടിച്ചേൽപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്ന ആവശ്യം മുന്നോട്ടുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഈ തീരുമാനം നടപ്പിലാക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാദമിക് വിദഗ്ധരുമായോ അധ്യാപക സമൂഹവുമായോ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായോ കൂടിയാലോചനകൾക്ക് പോലും തയാറാകാതെ ധൃതി പിടിച്ചുള്ള തീരുമാനം ജനാധിപത്യ വിരുദ്ധവും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതുമാണെന്നും അദ്ദേഹം വിമർശിച്ചു.
Read Also: നാട്ടിലേക്ക് ഭക്ഷണം തേടി ഇറങ്ങാതിരിക്കാൻ അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്
മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ അധ്യയന വർഷം തുടങ്ങിയതിന് ശേഷം മാറ്റം കൊണ്ടുവരുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദുരന്തമാകും. കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് പുതിയ പരിഷ്‌ക്കരണത്തിലൂടെ പിണറായി സർക്കാരും ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങൾ പോലും പുതിയ പരിഷ്‌ക്കരണം നടപ്പാക്കിയിട്ടില്ല. മൂന്ന് വർഷ ബിരുദ കോഴ്സുകൾക്ക് പകരമായി സംസ്ഥാനത്ത് സെമസ്റ്റർ സമ്പ്രദായം നടപ്പാക്കിയപ്പോൾ വിദ്യാഭ്യാസ വിചക്ഷണരുമായും പ്രതിപക്ഷ കക്ഷികളുമായും കൂടിയാലോചന നടത്തിയിട്ടുള്ള പാരമ്പര്യമാണ് കേരളത്തിനുള്ളത്. കീഴ്‌വഴക്കങ്ങളും രാഷ്ട്രീയ മര്യാദകളും ലംഘിച്ച് സർക്കാർ കാട്ടുന്ന ധൃതി മോദി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ പിന്തുണയ്ക്കലും അംഗീകരിക്കലുമല്ലെങ്കിൽ പിന്നെ മറ്റെന്താണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
Post Your Comments