സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി തിരുവനന്തപുരം ജില്ലയിലും എത്തുന്നു. നിലവിൽ, പദ്ധതിക്ക് പ്രാഥമികാനുമതി ലഭിച്ചിട്ടുണ്ട്. കൊച്ചി കളമശ്ശേരി മുതൽ തിരുവനന്തപുരം കൊച്ചുവേളി വരെയാണ് പൈപ്പ് ലൈൻ സ്ഥാപിക്കുക. കിലോമീറ്ററുകളോളം നീളമുള്ള നിർമ്മാണ പദ്ധതി ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എ.ജി ആൻഡ് പി കമ്പനിക്കാണ് നിർമ്മാണ ചുമതല.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പാചകത്തിന് സിറ്റി ഗ്യാസും, വാഹനങ്ങൾക്കും വ്യവസായങ്ങൾക്കും ഇന്ധനമായി സിഎൻജിയും തടസമില്ലാതെ ലഭ്യമാക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ, കൊച്ചിയിൽ നിന്നും ടാങ്കറുകളിൽ എത്തിച്ച് ചേർത്തല, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഗ്യാസ് സ്റ്റേഷനുകളിൽ നിറച്ചാണ് വാഹനങ്ങൾക്ക് സിഎൻജി നൽകുന്നത്. അതേസമയം, കൊച്ചി മുതൽ കാസർകോട് വഴി മംഗലാപുരം വരെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ പൈപ്പ് ലൈൻ സ്ഥാപിച്ച് സിഎൻജി വിതരണം ചെയ്യുന്നുണ്ട്.
Also Read: അസ്മിയയുടെ ആത്മഹത്യ; മതപഠന കേന്ദ്രത്തെ ക്രൂശിച്ചവർ മാപ്പ് പറയുമോയെന്ന് ഫാത്തിമ തഹ്ലിയ
ഗെയിലിന്റെ കളമശ്ശേരിയിലെ സബ്സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പൈപ്പ് ലൈൻ കൊച്ചുവേളിയിലെ എ.ജി ആൻഡ് പിയുടെ ഗ്യാസ് സ്റ്റേഷൻ വരെയാണ് സ്ഥാപിക്കുക. കളമശ്ശേരി മുതൽ 12 ഇഞ്ച് വ്യാസമുള്ള പൈപ്പ് തിരുവനന്തപുരം ജില്ലയിൽ എത്തുമ്പോൾ 8 ഇഞ്ചായി കുറയുന്നതാണ്. പൈപ് ലൈൻ സ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റി ഇതിനോടകം അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം, പദ്ധതിയുടെ മറ്റ് വിശദാംശങ്ങളും നിർമ്മാണ ചിലവും സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
Post Your Comments