തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയെന്ന് നാട്ടിൽ പ്രചരിപ്പിച്ചതിൽ മനംനൊന്ത് ഗൃഹനാഥന്റെ ആത്മഹത്യ. എരുത്താവൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് അജയകുമാർ ആണ് ആത്മത്യ ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. തന്നെ അറസ്റ്റ് ചെയ്‌ത പോലീസുകാരന്റെ പേരെഴുതി വെച്ചിട്ടായിരുന്നു അജയകുമാറിന്റെ ആത്മഹത്യ. തിങ്കളാഴ്ച വൈകിട്ട് കരയോഗം ഓഫീസിൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവർ കെ സന്ദീപിന്റെ പേരാണ് അജയകുമാറിന്റെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നത്. തന്നെ സന്ദീപ് പരസ്യമായി അസഭ്യം പറഞ്ഞുവെന്നും കള്ളക്കേസിൽ കുടുക്കിയെന്നും അജയകുമാർ കത്തിൽ ആരോപിക്കുന്നു. അടുത്തിടെ വസ്തു തർക്കത്തെ തുടർന്ന് സന്ദീപും പിതാവും ചേർന്ന് അജയകുമാറിനെ മർദ്ദിച്ചിരുന്നു. മർദ്ദനത്തെ തുടർന്ന് ഇയാൾ സന്ദീപിനെതിരെ പോലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യം തീർക്കാൻ സന്ദീപ് അജയകുമാറിനെതിരെ വ്യാജ പീഡന ആരോപണം കെട്ടിവെച്ചു എന്നാണ് ആരോപണം.
തന്റെ അമ്മയെ ഉപദ്രവിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു സന്ദീപ് അജയകുമാറിനെതിരെ നൽകിയ കേസ്. ഇയാളുടെ പരാതിയിൽ പോലീസ് അജയകുമാറിനെതിരെ കേസെടുത്തു. എന്നാൽ, ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി അജയകുമാർ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു. തുടർന്ന് പീഡന/വധശ്രമ കുറ്റങ്ങൾ ഒഴിവാക്കി. എന്നാൽ, ഇതിനോടകം സന്ദീപ് അജയകുമാറിനെ പീഡനക്കേസിലെ പ്രതിയാക്കി നാട്ടിൽ പ്രചരിപ്പിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ഇദ്ദേഹത്തിന്റെ ആത്മഹത്യ. അജയകുമാറിന്റെ ഭാര്യയും ഇത് തന്നെയാണ് ആരോപിക്കുന്നത്.
Post Your Comments