രാജ്യത്ത് 2000 രൂപ നോട്ടിനേക്കാൾ ഏറ്റവും അധികം വ്യാജ നോട്ടുകൾ പ്രചാരത്തിലുള്ളത് 500 രൂപയുടെ നോട്ടുകളിലാണെന്ന് ആർബിഐ. അടുത്തിടെ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകൾ ആർബിഐ വ്യക്തമാക്കിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 500 രൂപ മൂല്യമുള്ള കള്ളനോട്ടുകളുടെ എണ്ണം 91,110 ആയി ഉയർന്നിട്ടുണ്ട്. അതേസമയം, ഇതേ കാലയളവിൽ കണ്ടെത്തിയ വ്യാജ 2000 രൂപ നോട്ടുകളുടെ മൂല്യം 9,806 രൂപയായാണ് കുറഞ്ഞത്.
10 രൂപ, 100 രൂപ, 200 രൂപ എന്നിവയുടെ കള്ളനോട്ടുകളിൽ 11.6 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, 20 രൂപ നോട്ടുകളിൽ കള്ളനോട്ടുകളുടെ എണ്ണം 8.4 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുടെ എണ്ണം മുൻ സാമ്പത്തിക വർഷത്തിലെ 2,30,971 എണ്ണത്തിനെക്കാൾ ഈ വർഷം 2,25,769 ആയി കുറഞ്ഞു. വ്യാജ കറൻസി നോട്ടുകളിൽ 4.6 ശതമാനം റിസർവ് ബാങ്കിലും, 95.4 ശതമാനം മറ്റു ബാങ്കുകളിലുമാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ, രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഈ വർഷം സെപ്റ്റംബർ 30-നകം 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ ഏൽപ്പിച്ച് മാറ്റി വാങ്ങാൻ കഴിയുന്നതാണ്.
Also Read: പെട്രോളിനും ഡീസലിനും ഡിസ്കൗണ്ട് ഓഫറുമായി നയാര എനർജി, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments