തെലങ്കാന: ആദായനികുതി (ഐ-ടി) വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന അഞ്ച് പേര്‍ ചേര്‍ന്ന് സെക്കന്തരാബാദിലെ മോണ്ട മാര്‍ക്കറ്റിലെ ഒരു ജ്വല്ലറിയില്‍ വ്യാജ റെയ്ഡ് നടത്തി 1.7 കിലോഗ്രാം സ്വര്‍ണവുമായി മുങ്ങി. സ്‌പെഷ്യല്‍-26 എന്ന സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു കവര്‍ച്ച.
ശനിയാഴ്ച സെക്കന്തരാബാദിലെ സിദ്ദി വിനായക ഷോപ്പിന്റെ മാനേജര്‍ ആനന്ദ് ഖേദേക്കറില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ അഞ്ച് അജ്ഞാതരായ കവര്‍ച്ചക്കാര്‍ കടയില്‍ കടന്ന് ഐഡി കാര്‍ഡ് കാണിച്ച് തങ്ങള്‍ ഐടി ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. തുടര്‍ന്ന് തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ ബലമായി പിടിച്ചുവയ്ക്കുകയും, ഉടമ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും 17 സ്വര്‍ണനാണയങ്ങള്‍ (ഓരോന്നിനും 100 ഗ്രാം തൂക്കം) ബലമായി കൈക്കലാക്കുകയും ചെയ്തു. ഈ സ്വര്‍ണനാണയങ്ങള്‍ക്ക് 60 ലക്ഷം രൂപയോളം വിലവരും.
കവര്‍ച്ചക്കാര്‍ തൊഴിലാളികളെ ബലം പ്രയോഗിച്ച് മുറിയില്‍ പുറത്തുനിന്ന് പൂട്ടിയ ശേഷം കടന്നു കളഞ്ഞതായി പരാതിക്കാരന്‍ ആരോപിച്ചു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒമ്പത് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവരില്‍ ഒരാളായ സക്കീര്‍ ഗനി അത്തര്‍ കഴിഞ്ഞ ഒരു മാസമായി സെക്കന്തരാബാദിലെ ഒരു സ്വര്‍ണം ഉരുക്കുന്ന കടയില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കാനായി ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുകയും പുതിയ സ്വര്‍ണ്ണക്കട്ടികള്‍ തയ്യാറാക്കുകയും ചെയ്യുന്ന കടയിലാണ് കവര്‍ച്ച നടന്നത്. സിദ്ദി വിനായക ഗോള്‍ഡ് കടയില്‍ നിന്ന് സ്വര്‍ണക്കട്ടികള്‍ കൊള്ളയടിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
Post Your Comments