![](/wp-content/uploads/2023/05/cm-pinarayi-vijayan.jpg)
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് യുഎസ് സന്ദര്‍ശനം. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രാ സംഘത്തിലുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ (UAE) യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.
ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് നടക്കുന്നത്. ജൂണ്‍ മാസം അമേരിക്കയിലും സെപ്റ്റംബര്‍ മാസം സൗദി അറേബ്യയിലും സമ്മേളനം നടക്കും. യുഎസില്ലെത്തുന്ന മുഖ്യമന്ത്രി ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോകബാങ്കുമായി യുഎസില്‍ ചര്‍ച്ച നടത്തും.
സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാര്‍ പി.ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത് കോലശേരി എന്നിവരും പങ്കെടുക്കും. ഇവരുടെ യാത്രയും മറ്റ് അനുബന്ധ ചെലവുകളും നോര്‍ക്ക വകുപ്പാണ് വഹിക്കുക. ഇവരുടെ യാത്രക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു.
നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചത്.
Post Your Comments