ഇടുക്കി: സംസ്ഥാനത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു വനിതാ പഞ്ചായത്ത് മെമ്പർ തൻ്റെ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിച്ച സംഭവം. ഭർത്താവിൻ്റെ ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വച്ച് വിവരം പൊലീസിന് ചോർത്തി നൽകി പിടിപ്പിക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. വണ്ടൻമേട് പഞ്ചായത്ത് മെമ്പർ ആയിരുന്ന സൗമ്യ അബ്രഹാമാണ് അന്ന് ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച് വാർത്തകളിൽ നിറഞ്ഞു നിന്നത്. പൊലീസിൻ്റെ കൃത്യമായ അന്വേഷണത്തിലൂടെ സത്യം പുറത്തു വരികയും സൗമ്യയും കൂട്ടുപ്രതികളും അറസ്റ്റിലാകുകയുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ ഗംഭീര ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ സൗമ്യയുടെ ഭർത്താവ് സുനിൽ വർഗ്ഗീസ് ഭാര്യയുടെ തെറ്റുകൾ പൊറുത്ത് രംഗത്തെത്തിക്കഴിഞ്ഞു. വലിയ മനസ്സുള്ള അദ്ദേഹം തന്നെ സൗമ്യയെ ജാമ്യത്തിലിറക്കുകയും ചെയ്തിരിക്കുകയാണ്.
ആ പ്രശ്നങ്ങൾ നടക്കുമ്പോൾ സൗമ്യയും ഭർത്താവും താമസിച്ചിരുന്ന വീട് വിൽപ്പന നടത്തിക്കഴിഞ്ഞു. വണ്ടൻമേട് പഞ്ചായത്തിന് സമീപത്തായി തന്നെ പുതിയ വീട് വാങ്ങി അവിടേക്ക് ഇരുവരും താമസം മാറി. സൗമ്യ കേസിൽപ്പെടുത്താൻ നോക്കിയ ഭർത്താവ് തന്നെയാണ് അവരെ ജാമ്യത്തിൽ പുറത്തിറക്കിയതെന്നത് അത്ഭുതത്തോടെയല്ലാതെ പലർക്കും ഉൾക്കൊള്ളാനാകില്ല. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ ഒത്തുതീർത്ത് വീണ്ടും ഇരുവരും ഒരുമിച്ച് മക്കളോടൊപ്പം താമസം ആരംഭിക്കുകയായിരുന്നു.
ഭർത്താവിനെ മയക്കുമരുന്ന കേസിൽ കുടുക്കാൻ സൗമ്യയും വിനോദും ചേർന്നാണ് പദ്ധതിയിട്ടത്. സൗമ്യയുടെ ഭർത്താവിൻ്റെ ബൈക്കിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയ സംഭവം മനപ്പൂർവം സൃഷ്ടിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. സൗമ്യയുടെ ഭർത്താവായ തൊട്ടാപ്പുരയ്ക്കൽ സുനിലിനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുവാനാണ് ഇവർ ശ്രമിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഇതിനായി ബൈക്കിൻ്റെ ടാങ്ക് കവറിനുള്ളിൽ അഞ്ചുഗ്രാം എംഡിഎംഎ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് സുനിലിൻ്റെ ബെെക്കിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ഫെബ്രുവരി 22ന് രാവിലെയാണ് സുനിൽ ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന ശബ്ദ സന്ദേശം അധികൃതർക്ക് ലഭിച്ചത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ ഡാൻസാഫ് ടീം അദ്ദേഹത്തിൻ്റെ ബൈക്കിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വിദേശ നമ്പരിൽ നിന്നുള്ള ശബ്ദ സന്ദേശമാണ് ഇക്കാര്യം പറഞ്ഞ് അധികൃതർക്ക് ലഭിച്ചത്. ശബ്ദ സന്ദേശം എത്തിയ നമ്പറിനെക്കുറിച്ചുള്ള അധികൃതരുടെ സംശയമാണ് കൂടുതൽ അന്വേഷണത്തിലേക്ക് നയിച്ചതും ഒടുവിൽ സത്യം പുറത്തു കൊണ്ടുവന്നതും. സന്ദേശത്തിൽ സംശയം തോന്നിയ പൊലീസ് സൗമ്യയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യത്തിലേക്കു വെളിച്ചം വീശിയത്. ഇതിനിടയിൽ വിവാഹമോചനം ആവശ്യപ്പെട്ട് സൗമ്യ കട്ടപ്പന കുടുംബകോടതിയേയും സമീപിച്ചിരുന്നു.
എന്നാൽ, ഈ വലിയ തെറ്റുകൾ മക്കൾക്കു വേണ്ടി ക്ഷമിച്ചും പൊറുത്തും സുനിൽ സൗമ്യയെ വീണ്ടും തൻ്റെ ജീവിതത്തിനൊപ്പം കൂട്ടുകയായിരുന്നു. സൗമ്യയെ ജാമ്യത്തിൽ ഇറക്കിയതും അദ്ദേഹം തന്നെയാണ്. പരാതി പിൻവലിക്കാൻ തന്നെയാണ് സുനിലിൻ്റെ തീരുമാനമെന്നാണ് സുനിലുമായി അടുപ്പമുള്ളവർ പറയുന്നതും. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഒരു വലിയ വിവാദവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും ഇതോടെ ശുഭപര്യവസാനിക്കുകയാണ്. എന്നാൽ കേസ് ഇപ്പോഴും പഴയ ഇടത്തുതന്നെയാണെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഈ കേസിൽത്തന്നെ പ്രതിയായ പുറ്റടി സ്വദേശി വിനോദ് സംഭവത്തിനു ശേഷം നാട്ടിലേക്ക് വന്നിട്ടില്ല. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് അയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് നോക്കിയിരുന്നതായും വാർത്തകളുണ്ടായിരുന്നു.
Post Your Comments