സിലിഗുരി: ആംബുലൻസിൽ സൂക്ഷിച്ച ശവപ്പെട്ടിയിൽ കഞ്ചാവ് കടത്തിയസംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ശവപ്പെട്ടിയിൽ കിടത്തിയിരുന്ന മരിച്ചയാളുടെ ബന്ധുക്കളായി ആൾമാറാട്ടം നടത്തുകയായിരുന്നു പ്രതികൾ.
ആംബുലൻസിലെ ശവപ്പെട്ടിയിൽ നിന്ന് 64 കിലോ കഞ്ചാവ് കണ്ടെടുത്തു. ആംബുലൻസും ശവപ്പെട്ടിയും എസ്ടിഎഫ് പിടിച്ചെടുത്തു. ത്രിപുരയിൽ നിന്ന് അസം, പശ്ചിമ ബംഗാൾ വഴി ബിഹാറിലേക്ക് ആംബുലൻസിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് സിലിഗുരിയിലെ ഫുൽബാരി മേഖലയിൽ വച്ചാണ് ഇവരെ പിടികൂടിയത്.
‘പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥർ ഒരു ആംബുലൻസ് തടഞ്ഞു. പരിശോധനയ്ക്കിടെ, ശവപ്പെട്ടി വെള്ള തുണിയിൽ പൊതിഞ്ഞ് പൂക്കൾ കൊണ്ട് അലങ്കരിച്ചതായി കണ്ടെത്തി. 64 കിലോഗ്രാം ഭാരമുള്ള 18 കഞ്ചാവ് പൊതികളാണ് ശവപ്പെട്ടിയിൽ നിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സമീർ ദാസ് (28), അപൂർവ ഡേ (54), പപ്പു മോദക് (31), സരസ്വതി ദാസ് (34) എന്നിവരെ കസ്റ്റഡിയിലെടുത്തു,’ എസ്ടിഎഫ് വൃത്തങ്ങൾ പറഞ്ഞു.
Post Your Comments