മണിപ്പൂർ: കലാപത്തിനിടെ ജീവൻ നഷ്ടപ്പെട്ടവർക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നഷ്ടപരിഹാര പാക്കേജുകൾ പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, മരിച്ചയാളുടെ കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകും. നഷ്ടപരിഹാര തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും തിങ്കളാഴ്ച നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തത്. സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ അപര്യാപ്തത കുറക്കാനും വില വർദ്ധനവ് ഒഴിവാക്കാനും കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
മണിപ്പൂരിലെ വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെന്നും പരിഹരിക്കാൻ സമയമെടുക്കുമെന്നും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. എന്നാൽ, സംസ്ഥാനത്തെ സ്ഥിതിഗതികൾ ഇപ്പോൾ കലാപവുമായി ബന്ധപ്പെട്ടതല്ലെന്നും കുറച്ച് സമയത്തിനുള്ളിൽ കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്നും അനിൽ ചൗഹാൻ പ്രത്യാശ പ്രകടിപ്പിച്ചു.
പട്ടികവർഗ പദവിക്ക് വേണ്ടിയുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച്, മെയ് 3ന് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ സംഘർഷമുണ്ടായത്. റിസർവ് വനഭൂമിയിൽ നിന്ന് കുക്കി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷമാണ് അക്രമത്തിന് കാരണമായത്.
Post Your Comments