
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ മേൽവിലാസം അന്വേഷിച്ചെത്തി പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ഫുഡ് ഡെലിവറി നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നെയ്യാറ്റിൻകര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തുവിള വീട്ടിൽ രതീഷ് ആണ് അറസ്റ്റിലായത്.
ബുള്ളറ്റിൽ ഫുഡ് ഡെലിവറിക്കെത്തിയ ഇയാൾ യുവതിയോട് ഒരു അഡ്രസ് അറിയാമോ എന്ന് ചോദിച്ചു. പിന്നാലെ ഇയാൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാൻ അടുക്കളയിൽ പോയ യുവതിയുടെ പിന്നാലെയെത്തി അവരെ കയറി പിടിക്കുകയായിരുന്നു. ശേഷം വീടിന്റെ മുൻവശത്ത് മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും രതീഷ് സമാന രീതിയിൽ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതായും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പൂവാർ പോലീസ് അറിയിച്ചു.
Post Your Comments